ദിവസങ്ങൾക്ക് മുൻപ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ബിഷ്കേകിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്.

കീവ്: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സഹായം വാ​ഗ്ദാനം ചെയ്ത് ഇന്ത്യ. യുക്രൈൻ സന്ദർശനത്തിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് യുദ്ധം അവസാനിപ്പിക്കാൻ ഏതുരീതിയിലുള്ള സഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ ഏതെങ്കിലും വിധത്തിൽ ഇന്ത്യയ്ക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ തങ്ങൾ അതിന് സജ്ജരാണെന്ന് എസ്. ജയശങ്കർ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട്ചെയ്തു.

ദിവസങ്ങൾക്ക് മുൻപ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ബിഷ്കേകിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനുപിന്നാലെയാണ് യുക്രൈൻ സന്ദർശനത്തിനിടെ യുദ്ധം അവസാനിപ്പിക്കാൻ ഏതുരീതിയിലുള്ള സഹായത്തിനും ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിയും വ്യക്തമാക്കിയിരിക്കുന്നത്.

മൂന്നുദിവസത്തെ യുക്രൈൻ-പോളണ്ട് സന്ദർശനത്തിന്റെ ഭാ​ഗമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യാഴാഴ്ച യുക്രൈനിലെ കീവിലെത്തിയത്. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ യുക്രൈൻ സന്ദർശനമാണിത്. മൂന്നുദിവസം നീളുന്ന യുക്രൈൻ-പോളണ്ട് സന്ദർശനത്തിൽ യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡി സിബിഹയുമായും പോളിഷ് ഉപപ്രധാനമന്ത്രി റാഡോസ്ലോ സികോർസ്കിയുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.