Asianet News MalayalamAsianet News Malayalam

പാകിസ്ഥാന് മുന്നില്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ വച്ച് യുഎന്‍ രക്ഷാസമിതി

മസൂദ് അസറിനെ സംബന്ധിച്ച് മൂന്ന് നിര്‍ദ്ദേശങ്ങളാണ് പാകിസ്ഥാന് മുന്നില്‍ യുഎന്‍ രക്ഷാ സമിതി വച്ചിട്ടുള്ളത്.  യു എന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. 

united nations security councils three proposals to Pakistan
Author
New York, First Published Feb 28, 2019, 9:18 AM IST


ന്യൂയോര്‍ക്ക്: പുല്‍വാമ അക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷത്തിന് അയവുവരുത്താന്‍ മൂന്ന് നിര്‍ദ്ദേശങ്ങളുമായി യുഎന്‍ രക്ഷാ സമിതി രംഗത്ത്. ഇന്ത്യാ - പാക് യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ഭീകരമായ പ്രത്യാഘാതങ്ങളാകും ലോകത്തുണ്ടാക്കുകയെന്ന നിരീക്ഷണമാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ രക്ഷാ സമിതിയെ പ്രയരിപ്പിച്ചത്. ഇരുരാജ്യങ്ങളും ആണവായുദ്ധ സജ്ജമാണെന്നതാണ് ലോകരാജ്യങ്ങളുടെ ആശങ്ക ശക്തമാക്കുന്നത്. 

പുല്‍വാമ അക്രമണത്തിന്‍റെയും ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നതിലും പ്രധാനിയെന്ന് ഇന്ത്യ ആരോപിക്കുന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ പേരിലാണ് യുഎന്‍ നിലപാട് കടുപ്പിച്ചത്. മസൂദ് അസറിനെ സംബന്ധിച്ച് മൂന്ന് നിര്‍ദ്ദേശങ്ങളാണ് പാകിസ്ഥാന് മുന്നില്‍ യുഎന്‍ രക്ഷാ സമിതി വച്ചിട്ടുള്ളത്.  യു എന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. 

യുഎന്നില്‍, ഫ്രാന്‍സാണ്  ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുന്നത്. മസൂദ് അസറിന് ആഗോള യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശം. ഇയാളുടെയും മറ്റ് ഭീകരസംഘടനകളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടണം. ഭീകരര്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തണം. എന്നിവയാണ് പ്രധാനമായും യുഎന്‍ പാകിസ്ഥാന് മുന്നില്‍ വച്ച നിര്‍ദ്ദേശങ്ങള്‍. 

എന്നാല്‍ ഇന്ത്യ വര്‍ഷങ്ങളായി പാകിസ്ഥാനോട് ആവശ്യപ്പെടുന്നതാണ് മസൂദ് അസറിനെ വിട്ടുനല്‍കാന്‍. മസൂദിനെതിരെ ഇതിന് മുമ്പ് പല തവണ ഇന്ത്യ യുഎന്നില്‍ നടപടിയാവശ്യപ്പെട്ടപ്പോഴെല്ലാം ചൈനയായിരുന്നു ഇതിനെ പ്രധാനമായും വീറ്റോ ചെയ്തിരുന്നത്. ഐക്യരാഷ്ട്രാ രക്ഷാസമിതിയില്‍ ജെയ്ഷെ മുഹമ്മദിനെ നേരത്തേ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ചൈന ഒരിക്കലും തയ്യാറായിരുന്നില്ല. മാത്രമല്ല വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യത്തെ ചൈന എതിര്‍ക്കുകയായിരുന്നു. ചൈനയുടെ പിന്തുണ അനുസരിച്ചായിരിക്കും മസൂദിന്‍റെ കാര്യത്തില്‍ പാകിസ്ഥാന്‍റെ തീരുമാനമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍ അതിനാല്‍ തന്നെ നയതന്ത്ര തലത്തില്‍ ചൈനയെ കൊണ്ട് പാകിസ്ഥാന്‍റെ മേല്‍ സമ്മര്‍ദത്തിനാകും ഇന്ത്യ ശ്രമിക്കുക. 

അതിർത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാകിസ്ഥാനോട് അമേരിക്കൻ ആഭ്യന്തര കാര്യ മന്ത്രാലയം കര്‍ശനമായി ആവശ്യപ്പെട്ടു. പാകിസ്ഥാൻ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവർത്തിച്ചു. ഭീകരർക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിർദ്ദേശിച്ചു.

ഇതിനിടെ പാക് പിടിയിലകപ്പെട്ട ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അഭിനന്ദന്‍ വര്‍ധമാനെ പരിക്കുകളില്ലാതെ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഇതിനിടെ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിവെപ്പ് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു.
 

Follow Us:
Download App:
  • android
  • ios