ജക്കാര്‍ത്ത: വിവാഹപൂര്‍വ്വ ലൈംഗികബന്ധം ഇസ്ലാമില്‍ അനുവദനീയമാണെന്ന ഇന്തോനേഷ്യയിലെ യുവ മുസ്ലീം അധ്യാപകന്‍റെ പ്രബന്ധം വിവാദത്തില്‍. ഇന്തോനേഷ്യയിലെ യോഗ്യാകാര്‍ത്ത ഇസ്ലാമിക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ യുവ അധ്യാപകനായ അബ്ദുള്‍ അസീസിന്‍റേതാണ് വിവാദ പ്രബന്ധം. 

വിവാഹം ചെയ്യുന്നതിന് മുമ്പ് പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധം അത് മറയോടെയുള്ളതാണെങ്കില്‍ ഹറാമല്ല. ആ രീതിയിലുള്ള ലൈംഗികബന്ധത്തെ വ്യഭിചാരമായി കരുതാന്‍ കഴിയില്ലെന്നും അദ്ദേഹം  പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ അധ്യാപകന്‍റെ വാദം രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും മുസ്ലീം ജനസാന്ദ്രത ഏറ്റവും  കൂടിയ ഇന്തോനേഷ്യയിലെ ജനങ്ങള്‍ക്കിടയില്‍ വിഷയം ചര്‍ച്ചയാകുകയും ചെയ്തു. ഒരു വിഭാഗം ജനങ്ങളെ ഇത് പ്രകോപിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റൊരു വിഭാഗം പ്രബന്ധത്തെ അനുകൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. 

ഇത്തരം പ്രബന്ധങ്ങള്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അത് സാധ്യമാക്കുന്നതാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ സദാചാരചിന്തകള്‍, വിവാഹനിയമം, ധാര്‍മ്മികപ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കുമെന്ന് ഇന്തോനേഷ്യന്‍ ഉല്‍മാസ് കൗണ്‍സില്‍ എന്ന സംഘടന അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രബന്ധത്തിലെ വാദങ്ങള്‍ക്കെതിരെ രംഗത്തെത്തിയ വിഭാഗത്തില്‍ ചില ഇസ്ലാമിക് ഗ്രൂപ്പുകളും ഉള്‍പ്പെടുന്നുണ്ട്. 

അബ്ദുള്‍ അസീസിനും കുടുംബത്തിനും നേരെ ഭീഷണി മുഴക്കിയ ഇവര്‍ ഇത്തരം വാദങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴിയും ഇദ്ദേഹത്തിനെതിരെ വ്യാപക ആക്രമണവും ഭീഷണിയും ഉയരുന്നുണ്ട്.  

 ഭീഷണി വ്യാപകമായതോടെ ഒടുവില്‍ പ്രബന്ധത്തിലെ തന്‍റെ നിലപാട് അബ്ദുള്‍ അസീസ് മയപ്പെടുത്തി. ലൈംഗിക വേഴ്ച വിവാഹ ചെയ്ത ശേഷമായാലും അല്ലാതെയായാലും അത് മനുഷ്യന്‍റെ അവകാശമാണ്.  ഇസ്ലാമിക് നിയമ പ്രകാരം വിവാഹശേഷമാണ് ലൈംഗിക ബന്ധമെങ്കില്‍ അത് നിയമപരമാവും.  എന്നാല്‍ വിവാഹേതരബന്ധമെങ്കില്‍ അതിന് ഇസ്ലാമിക നിയമങ്ങളുടെ പരിരക്ഷ ലഭിക്കില്ലെന്നും പ്രബന്ധത്തിന്‍റെ സംഗ്രഹത്തില്‍ അബ്ദുള്‍ അസീസ് വ്യക്തമാക്കുന്നു.