പാരിസ്: കറുത്തവർഗക്കാരിയായ എംപിയെ അടിമയായി ചിത്രീകരിച്ച മാസികക്കെതിരെ ഫ്രാൻസിൽ പ്രതിഷേധം ശക്തം. പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തന്നെ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. വംശീയത ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന്, എംപി ഡാനിയേൽ ഒബോനോയെ ഫോണിൽ വിളിച്ച് മാക്രോൺ ഉറപ്പുനൽകി. 

പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ ചിത്രം വംശീയവെറിയുടെ ഭാഗമാണെന്നും, പറഞ്ഞ് രാജ്യത്തിന്റെ തീവ്ര വലതുപക്ഷത്തിന്റെ നിലപാടുകൾ 'നികൃഷ്ടവും വിഡ്ഡിത്തവും ക്രൂരവും' ആണെന്നും ഒബോനോ വിശേഷിപ്പിച്ചു.

തീവ്ര വലതുപക്ഷ ചായ്വുള്ള മാസികയാണ്, ഇടത് എംപിയായ ഡാനിയൽ ഒബാനോയെ ചങ്ങലകൊണ്ട് ബന്ധിച്ച്, കഴുത്തിൽ ഇരുമ്പുവടവുമണിഞ്ഞ് നിൽക്കുന്ന രീതിയിൽ ചിത്രീകരിച്ചത്. രാജ്യം മുഴുവൻ ഒബാനോയ്ക്കൊപ്പമുണ്ടെന്നാണ്, സംഭവത്തെ അപലപിച്ച പ്രധാനമന്ത്രി ഴാങ് കാസ്റ്റെക്സിന്റെ പ്രതികരണം.