ട്വിറ്ററും ഫേസ്ബുക്കും ഡോണൾഡ് ട്രംപിന്‍റെ ട്വീറ്റുകളും പോസ്റ്റുകളും തുടർച്ചയായി ഫ്ലാഗ് ചെയ്ത് ഡിലീറ്റ് ചെയ്യുകയാണ്. ലോകപൊലീസായ അമേരിക്കയ്ക്ക് സ്വന്തം ക്യാപിറ്റോൾ ഹിൽസിലുണ്ടായ കലാപത്തെ തടയാനാകുന്നില്ലെന്ന പരിഹാസം ശക്തമാണ് സമൂഹമാധ്യമങ്ങളിൽ.
വാഷിംഗ്ടൺ: അമേരിക്കയുടെ ജനാധിപത്യചരിത്രത്തിൽ കറുത്ത ഏടായി രേഖപ്പെടുത്താവുന്ന, ഒരു പകൽ നീണ്ട സംഘർഷത്തിനും കലാപത്തിനുമൊടുവിൽ ജോ ബൈഡന്‍റെ വിജയം അംഗീകരിച്ച് അമേരിക്കൻ കോൺഗ്രസ്. ജനുവരി 20-ന് സമാധാനപരമായി അധികാരം കൈമാറുമെന്ന് നിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒടുവിൽ സമ്മതിച്ചു. ഇതാദ്യമായാണ് പരാജയം ഭാഗികമായെങ്കിലും അംഗീകരിച്ച് ട്രംപ് ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നത്. അമേരിക്കൻ പാർലമെന്‍റ് മന്ദിരമായ ക്യാപിറ്റോൾ ഹിൽസിലെ ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം നാലായി. ഒരു സ്ത്രീയടക്കമുള്ളവരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്.
ലോകത്തെ ഞെട്ടിച്ച കാഴ്ചയായിരുന്നു അത്. ഒരുപക്ഷേ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് ശേഷം ലോകം മുഴുവൻ അമേരിക്കയിലേക്ക് ഉറ്റുനോക്കി. ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ വാഷിങ്ടണിലെ യുഎസ് ക്യാപിറ്റോൾ ഹിൽസിലെ മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറി. അഴിഞ്ഞാടി. സ്പീക്കർ നാൻസി പെലോസിയുടെ കസേരയിലടക്കം കയറിയിരുന്നു. കസേരകൾ തല്ലിത്തകർത്തു. സെനറ്റിലേക്ക് കയറാൻ ശ്രമിച്ചവർക്ക് നേരെ ഗാർഡുകൾ തോക്ക് ചൂണ്ടി, വെടിവെപ്പുണ്ടായി. മൂന്ന് മണിക്കൂറിന് ശേഷമാണ് യുഎസ് ഹൗസ് ഗാർഡ്സിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും അക്രമികളെ മന്ദിരത്തിൽ നിന്ന് ഒഴിപ്പിക്കാനായത്. എന്നാൽ മന്ദിരത്തിനു പുറത്ത് ട്രംപ് 2020 എന്ന പതാകകളുമായി കലാപകാരികൾ ഇപ്പോഴും അലഞ്ഞുതിരിഞ്ഞ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, അക്രമികളെ താൽക്കാലികമായി ഒഴിപ്പിച്ച ശേഷം അമേരിക്കൻ കോൺഗ്രസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. 306 ഇലക്ടറൽ കോളേജ് വോട്ടുകൾ ബൈഡന് അനുകൂലമായി ലഭിച്ചപ്പോൾ 232 വോട്ടുകൾ ട്രംപിന് ലഭിച്ചു.
ഇങ്ങനെ ബൈഡന് അനുകൂലമായാണ് ജനവിധിയെന്ന് മൈക്ക് പെൻസ് പ്രഖ്യാപിച്ചതോടെ ട്രംപ് വീണ്ടും വീഡിയോയുമായി സമൂഹമാധ്യമങ്ങളിലെത്തി. പരാജയം ഒരിക്കലും താൻ സമ്മതിക്കില്ലെന്ന് പറഞ്ഞു.
ട്വിറ്റർ നിലവിൽ ഡോണൾഡ് ട്രംപിന്‍റെ അക്കൗണ്ട് അടച്ചുപൂട്ടിയിരിക്കുകയാണ്. 12 മണിക്കൂറിൽ അടിസ്ഥാനരഹിതമായ ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ സ്ഥിരമായി അക്കൗണ്ട് ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും 24 മണിക്കൂർ നേരത്തേക്ക് ട്രംപിന്‍റെ ഔദ്യോഗിക അ്കകൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്.
അക്രമസംഭവങ്ങളിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആരാണ് ഈ കലാപത്തിന് ആഹ്വാനം നൽകിയതെന്നും, എങ്ങനെയാണ് ഇത്തരത്തിൽ അക്രമികൾ കൂട്ടം ചേർന്ന് ക്യാപിറ്റോൾ ഹിൽസിന് മുന്നിലെത്തിയതെന്നും അന്വേഷിക്കാനാണ് തീരുമാനം.
'മിനിമം മാന്യത കാണിച്ചുകൂടേ?'
നിശിതമായ വിമർശനമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ട്രംപ് അനുകൂലികൾക്കെതിരെ ഉയർത്തിയത്. സാമാന്യമര്യാദ കാണിച്ചുകൂടേ എന്നാണ് ബൈഡൻ ചോദിച്ചത്. മികച്ച പ്രസിഡന്‍റ് എപ്പോഴും പ്രചോദിപ്പിക്കുന്നയാളാകും. അല്ലാത്തയാൾ, ഏറ്റവും മോശമായ ഒരാൾ, ഇതുപോലെ കലാപം അഴിച്ചുവിടും. അമേരിക്കയുടെ ഭരണഘടന കാക്കാനെങ്കിലും മാധ്യമങ്ങൾക്ക് മുന്നിലെത്തി, ഈ അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യണമെന്ന് ട്രംപിനോട് ബൈഡൻ പറഞ്ഞു.
അഴിഞ്ഞാടി അക്രമികൾ, ഓടിയൊളിച്ച് ജനപ്രതിനിധികൾ
സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്ന് അക്രമികൾ ക്യാപിറ്റോൾ മന്ദിരത്തിൽ അഴിഞ്ഞാടിയപ്പോൾ തകർന്നത് സ്പീക്കർ നാൻസി പെലോസിയുടെ അടക്കം ഓഫീസ്. പെലോസിയുടെ കസേരയിൽ കയറിയിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തും, സാധനങ്ങൾ വലിച്ചുവാരിയെറിഞ്ഞും, സാമഗ്രികൾ നശിപ്പിച്ചും അക്രമികൾ അമേരിക്കൻ ജനാധിപത്യത്തിന് മറക്കാനാവാത്ത നാണക്കേടിന്‍റെ ഒരു പകലാണ് സമ്മാനിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനാകാതെ വന്നതോടെ ജനപ്രതിനിധികൾക്ക് പലപ്പോഴും പല മുറികളിലേക്കും, ഡസ്കുകൾക്കും കസേരകൾക്കും അടിയിലും ഒളിക്കേണ്ടി വന്നു.
നൂറുകണക്കിന് പേർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ ക്യാപിറ്റോൾ മന്ദിരത്തിന് ചുറ്റും കർഫ്യൂ പ്രഖ്യാപിച്ചതൊക്കെ വെറുതെയായി.
അപലപിച്ച് റിപ്പബ്ലിക്കൻമാർ
റിപ്പബ്ലിക്കൻ പാർട്ടിക്ക് തന്നെ നാണക്കേടാവുകയാണ് ഇന്നലത്തെ സംഭവവികാസങ്ങൾ. മുൻ പ്രസിഡന്‍റ് ജോർജ് ബുഷും, സെനറ്റ് മജോരിറ്റി ലീഡർ മിച്ച് മക് കോണലും, സെനറ്റർ മിറ്റ് റോംനിയും അടക്കം ഈ അക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചു.
ട്രംപിനെ ഉടനടി സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്ത് പുറത്താക്കണമെന്ന ആവശ്യവും പല ഭാഗങ്ങളിൽ നിന്ന് ഉയരുകയാണ്. രണ്ട് ആഴ്ച മാത്രമേ ഇനി ട്രംപിന് കസേരയിൽ ഇരിക്കാൻ കാലാവധി ബാക്കിയുള്ളൂ. ഇതിന് മുമ്പ് തന്നെ അമേരിക്കൻ ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ച് ട്രംപിനെ പുറത്താക്കണമെന്നാണ് ആവശ്യം. ഒരു പ്രസിഡന്‍റിന് ഭരിക്കാൻ കഴിവില്ലെന്ന് കണ്ടെത്തിയാൽ ഫെഡറൽ ക്യാബിനറ്റിന് അദ്ദേഹത്തെ പുറത്താക്കാൻ അധികാരമുണ്ട്. ഇതനുസരിച്ച് പുറത്താക്കണമെന്നാണ് ആവശ്യം. പ്രകോപനപരമായ ട്വീറ്റുകളിട്ട് ജനങ്ങളെ ഇളക്കിവിടുക വഴി, രാജ്യദ്രോഹക്കുറ്റമാണ് ട്രംപ് ചെയ്തതെന്ന് കണക്കാക്കാമെന്നും, അതിനാൽ, ട്രംപിനെതിരെ കേസെടുക്കാമെന്നും പല നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു.
അക്രമം തുടങ്ങിയതെങ്ങനെ?
ക്യാപിറ്റോൾ ഹില്ലിലേക്ക് ട്രംപിന്‍റെ റാലിയിൽ നിന്നാണ് അനുയായികൾ കൂട്ടത്തോടെ നീങ്ങിയത്. ബൈഡൻ ജയിച്ചത് ചതിയിലൂടെയും വഞ്ചനയിലൂടെയുമാണെന്നും, ക്യാപിറ്റോൾ ഹില്ലിലേക്ക് നമുക്ക് മാർച്ച് ചെയ്യാമെന്നും ട്രംപ് പറഞ്ഞതിനെ അനുയായികൾ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു. അനുയായികൾ ക്യാപിറ്റോൾ ഹിൽസിൽ അഴിഞ്ഞാടുമ്പോൾ, ട്രംപ് ഒന്നിച്ച് മാർച്ച് ചെയ്യാൻ പോയില്ല. വൈറ്റ് ഹൗസിൽ തിരികെച്ചെന്ന് ടിവിയിൽ അക്രമം കണ്ടു.
ഇരുന്നൂറ് വർഷമെങ്കിലും പഴക്കമുള്ള ക്യാപിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുയായികൾ അഴിഞ്ഞാടി. ഇത്തരമൊരു അക്രമം യുഎസ് പാർലമെന്‍റ് മന്ദിരം ഇതിന് മുമ്പ് കണ്ടത് 1812-ൽ ബ്രിട്ടീഷുകാരുമായി നടന്ന യുദ്ധകാലത്ത് മാത്രമാണ്.
സെനറ്റിന്‍റെ അധ്യക്ഷനായ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ കസേരയിൽ കയറിയിരുന്ന് ഫോട്ടോ എടുത്തും, നിയമനിർമാണമന്ദിരത്തിലെ ഓരോ വസ്തുവും തല്ലിത്തകർത്തും അക്രമികൾ യഥേഷ്ടം വിഹരിച്ചു. ചിലർ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ കസേരയിൽ കയറിയിരുന്ന് മേശയിൽ കാല് കയറ്റിവച്ച് ഫോട്ടോ എടുത്തു. മേശയിൽ ''ഞങ്ങൾ പിൻമാറില്ല'', എന്ന് കുറിപ്പുകൾ കുത്തിവരച്ചു. എഴുതി.
സുരക്ഷാഉദ്യോഗസ്ഥർ ഒടുവിൽ അക്രമികളെ കഷ്ടപ്പെട്ട് പുറത്താക്കുമ്പോഴാണ് നടപടിക്രമങ്ങൾ സഭയിൽ നടന്നത്. എന്നാൽ ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടികളുടെ നേതാക്കൾ സംയുക്തമായി ഈ അക്രമങ്ങളെ അപലപിച്ചത് അപൂർവകാഴ്ചയായിരുന്നു. രാത്രി എത്ര വൈകിയാലും വോട്ടെടുപ്പ് പൂർത്തിയാക്കി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാതെ മടങ്ങില്ലെന്ന് ജനപ്രതിനിധികൾ സംയുക്തമായി തീരുമാനിച്ചു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 7, 2021, 7:33 PM IST
Post your Comments