വാഷിംഗ്ടണ്‍: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനമറിയിച്ച് അമേരിക്ക. ഇന്ത്യ-ചൈന നിയന്ത്രണ രേഖയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് വ്യക്തമാക്കി. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞു. അവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നു- യുഎസ് വക്താവ് അറിയിച്ചു. 

പ്രശ്‌നം രമ്യമമായി പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ യുഎസ് സഹായിക്കുമെന്നും വക്താവ് വ്യക്തമാക്കി. ജൂണ്‍ രണ്ടിന് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു. ഗാല്‍വാന്‍ മേഖലയില്‍ ചൈനീസ് സൈന്യവുമായി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. 

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സൈനികരുടെ മരണം ഞെട്ടിക്കുന്നതാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.