1960-കളിലെ കാലിഫോർണിയയും ഇന്നത്തെ കാലിഫോർണിയയും തമ്മിലുള്ള താരതമ്യ ചിത്രത്തിലൂടെ കുടിയേറ്റത്തെ കുറ്റപ്പെടുത്തിയ പോസ്റ്റിന് വ്യാപക വിമർശനമാണ് ഏറ്റുവാങ്ങുന്നത്.
വാഷിംഗ്ടൺ: ടെക്സസിലെ 26-ാമത് കോൺഗ്രഷണൽ ജില്ലയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ പങ്കുവച്ച കുടിയേറ്റ വിരുദ്ധ പോസ്റ്റിന് വ്യാപക വിമര്‍ശനം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ സംവാദത്തിന് തിരികൊളുത്തി. വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളിൽ നിന്ന് വലിയ വിമർശനമാണ് പോസ്റ്റ് ഏറ്റുവാങ്ങുന്നത്.
1960-കളിലെ കാലിഫോർണിയയും ഇന്നത്തെ കാലിഫോർണിയയും തമ്മിലുള്ള ഒരു താരതമ്യ ചിത്രമാണ് ബ്രാൻഡൻ പോസ്റ്റിൽ കാണിക്കുന്നത്. കുടിയേറ്റമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അധഃപതനത്തിന് കാരണമെന്നായിരുന്നു ഗിൽ പറയാൻ ശ്രമിച്ചത്. 1960-കളിലെ കാലിഫോർണിയയും ഇന്നത്തെ കാലിഫോർണിയയും. വൻതോതിലുള്ള കുടിയേറ്റം അമേരിക്കയെ തിരിച്ചറിയാൻ കഴിയാത്ത വിധം മാറ്റി എന്നായിരുന്നു രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗിൽ കുറിച്ചത്.
ആദ്യ ചിത്രത്തിൽ 1960-കളിലെ മനോഹരമായ ഒരു കടൽത്തീര ദൃശ്യവും, രണ്ടാമത്തെ ചിത്രത്തിൽ ലോസ് ആഞ്ചലസ് കലാപത്തിലെ ഒരു ഭയാനക നിമിഷവും ഉൾപ്പെടുത്തിയിരുന്നു. കലാപത്തിനിടെ തീജ്വാലകൾക്ക് നടുവിൽ ഒരു മെക്സിക്കൻ പതാക വീശുന്ന ഒരാളുടെ ചിത്രവും ഉണ്ടായിരുന്നു. പോസ്റ്റ് വൻതോതിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചു.
ഗില്ലിന്റെ ഭാര്യ ഇന്ത്യൻ വംശജയായ ഡാനിയേൽ ഡിസൂസയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ അദ്ദേഹത്തെ പരിഹസിച്ചു. "നിങ്ങളുടെ ഭാര്യ ഒരു രണ്ടാം തലമുറ കുടിയേറ്റക്കാരിയാണ്' എന്നായിരുന്നു ഒരു കമന്റ്. "നിങ്ങളുടെ ഭാര്യ ഒന്നാം തലമുറ കുടിയേറ്റക്കാരിയാണ്, നിങ്ങളുടെ ഭാര്യാപിതാവ് ഇന്ത്യയിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരനാണ്, അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയും എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.
