Asianet News MalayalamAsianet News Malayalam

യുഎസ് തെരഞ്ഞെടുപ്പ്: തൊട്ടരികെ ബൈഡന്‍, ജോര്‍ജിയയില്‍ റീ കൗണ്ടിംഗ്

നേരിയ ഭൂരിപക്ഷം നേടിയ ജോര്‍ജിയയില്‍ റീകൗണ്ടിംഗ് നടക്കും. എക്കാലവും റിപബ്ലിക്കന്‍ പാര്‍ട്ടിയെ തുണക്കാറുള്ള ജോര്‍ജിയ പിടിച്ചെടുത്തതാണ് ബൈഡന്റെ ആധിപത്യം അനായാസസമാക്കിയത്. 

US Election: Biden edges towards victory
Author
Washington D.C., First Published Nov 7, 2020, 6:40 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ലാപ്പിലേക്കടുക്കുമ്പോള്‍ വിജയത്തിന് തൊട്ടരികെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. പെന്‍സില്‍വാനിയയില്‍ ലീഡുറപ്പിച്ച ബൈഡന്‍, നിര്‍ണായക വോട്ടുകള്‍ നേടി. അതേസമയം, നേരിയ ഭൂരിപക്ഷം നേടിയ ജോര്‍ജിയയില്‍ റീകൗണ്ടിംഗ് നടക്കും. എക്കാലവും റിപബ്ലിക്കന്‍ പാര്‍ട്ടിയെ തുണക്കാറുള്ള ജോര്‍ജിയ പിടിച്ചെടുത്തതാണ് ബൈഡന്റെ ആധിപത്യം അനായാസസമാക്കിയത്. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 264 ഇലക്ടറല്‍ വോട്ടുകള്‍ നേടി ബൈഡന്‍ കേവല ഭൂരിപക്ഷമായ 270 വോട്ടുകള്‍ക്ക് തൊട്ടടുത്താണ്. വാര്‍ത്താ ഏജന്‍സിയായ എപി, പ്രമുഖ മാധ്യമമായ ദ ഗാര്‍ഡിയന്‍ എന്നിവ ബൈഡന് 264 വോട്ടുകള്‍ ലഭിച്ചെന്ന് പറയുമ്പോള്‍ ചില മാധ്യമങ്ങള്‍ 253 വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോണള്‍ഡ് ട്രംപിന് 214 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 

ലീഡ് നിലനിര്‍ത്തിയാല്‍ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളാവും ലഭിക്കുക. ജോര്‍ജിയയില്‍ 99 ശതമാനം വോട്ടെണ്ണി കഴിഞ്ഞു. 16 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. ബൈഡന് 2449582 വോട്ടും ട്രംപിന് 2448485 വോട്ടുമാണ് ലഭിച്ചത്. 

നെവാദയില്‍ 84 ശതമാനം വോട്ടെണ്ണിയപ്പോള്‍ ബൈഡന് 604251 വോട്ടും ട്രംപിന് 592813 വോട്ടുമാണ് ലഭിച്ചത്. ആറ് ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. പെന്‍സില്‍വാനിയയില്‍ 98 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. 3295327 വോട്ട് ബൈഡന് ലഭിച്ചു. 3289731 വോട്ട് ട്രംപിനും ലഭിച്ചു. ലീഡ് നിലനിര്‍ത്തിയാല്‍ ഇവിടെയുള്ള 20 ഇലക്ടറല്‍ വോട്ടും ബൈഡന് ലഭിക്കും.

നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ഇവിടെയുള്ള 15 ഇലക്ടറല്‍ വോട്ടുകള്‍ കിട്ടിയാലും ട്രംപിന് 229 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമേ ആകെ ലഭിക്കൂ. ട്രംപിന്റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ പാതിയില്‍ നിര്‍ത്തിയതടക്കം എല്ലാ കാര്യങ്ങളും ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയിളകിയെന്ന സൂചന തന്നെയാണ്.

തപാല്‍ വോട്ടുകള്‍ ഇപ്പോഴും പല സംസ്ഥാനങ്ങളിലേക്കും വരുന്നുണ്ട്. ഇത് ബൈഡന്‍ പക്ഷത്തിന് തന്നെയാണ് കരുത്തേകുന്നത്. ജോര്‍ജിയക്ക് പുറമെ റിപ്പബ്ലിക്കന്‍ ക്യാംപിനെ ഞെട്ടിച്ചിരിക്കുകയാണ് അരിസോണയും. ഇതും റിപ്പബ്ലിക്കന്‍സിന്റെ കോട്ടയായാണ് അറിയപ്പെട്ടത്. 11 ഇലക്ടറല്‍ വോട്ടുകള്‍ ഉള്ള അരിസോണയില്‍ ആദ്യം മുതല്‍ ബൈഡനാണ് ലീഡ് ചെയ്തത്. ഇവിടെ ബൈഡന്‍ ജയിക്കും എന്നാണ് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഉറപ്പിച്ചു പറയുന്നത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയോട് ചായ്വ് കാണിക്കുന്ന ഫോക്‌സ് ന്യൂസും ബൈഡന്‍ ജയിക്കും എന്നാണ് പ്രവചിക്കുന്നത്.

Follow Us:
Download App:
  • android
  • ios