വാഷിം​ഗ്ടൺ: വോട്ടെണ്ണലിൻ‍റെ മൂന്നാം ദിവസവും സസ്പെൻസ് തീരാതെ അമേരിക്കൻ ജനവിധി. അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുകയാണ്. ജോ ബൈഡൻ പ്രസി‍ഡന്റ് ആകുമെന്ന സാധ്യത തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. എന്നാൽ, നിയമപരമായി താൻ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാൾഡ് ട്രംപ് അൽപസമയം മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും വ്യാപകമായ ക്രമക്കേടുകൾ നടന്നെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി വരെ പോകുമെന്നും അദ്ദേഹം ആവർത്തിച്ചു. 

ജോർജിയ, പെൻസിവേനിയ, നെവാഡ, അരിസോണ, നോർത്ത് കേരോലിന എന്നീ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു. മിക്കയിടത്തും വോട്ടെണ്ണൽ അന്തിമഘട്ടത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഫലം അറിയാമെന്നാണ് ഇലക്ഷൻ അധിക‍തര്‌ നൽകുന്ന വിവരം. പോസ്റ്റൽ വോട്ടുകൾ ഇപ്പോഴും എണ്ണുന്നുണ്ട്. 

ആറ് ഇലക്ട്രൽ വോട്ടുകളുള്ള നെവാഡയിൽ ബൈഡൻ മുന്നിലാണ്. ഇവിടെ ബൈഡന്.12000ത്തോളം വോട്ടിന്റെ ലീഡുണ്ട്. 20 ഇലക്ട്രൽ വോട്ടുകളുള്ള പെൻസിൽവേനിയയിൽ ട്രംപ് ലീഡ് തുടരുന്നു. എന്നാൽ, ലീഡ് നിലയിൽ ആദ്യഘട്ടങ്ങളെ അപേക്ഷിച്ച് വൻ കുറവ്  വന്നിട്ടുമുണ്ട്. അരിസോണയിലും ബൈഡനാണ് ലീഡ്. ജോർജിയയിൽ ട്രംപിന് നേരിയ ലീഡുണ്ട്. നോർത്ത് കേരോലീന ട്രംപിനൊപ്പമാണ്. എന്തായാലും കണക്കുകൾ ട്രംപിന് അനുകൂലമല്ല എന്നാണ് ലഭിക്കുന്ന വിവരം.