വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 264 ഇലക്ടറൽ വോട്ട് സ്വന്തമാക്കി ജോ ബൈഡൻ മുന്നേറുകയാണ്. എന്നാൽ ട്രംപിന്റെ പ്രതീക്ഷകൾ അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. വിജയത്തിന് വേണ്ടത് 270 ഇലക്ടറൽ വോട്ടാണ്. നിലവിൽ ഫലം വരാനുള്ള സംസ്ഥാനങ്ങളിലെ ലീഡ് നില കൂടി വെച്ച് നോക്കുമ്പോൾ ട്രംപിന് 268 ഇലക്ടറൽ വോട്ടുണ്ട്. നെവാദ സ്റ്റേറ്റാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. ഇവിടെ ആറ് ഇലക്ടറൽ വോട്ടുകളാണ് ഉള്ളത്. നിലവിൽ എട്ടായിരം വോട്ടുകൾക്കാണ് ബൈഡൻ ലീഡ് ചെയ്യുന്നത്. 

സ്വിങ് സ്റ്റേറ്റുകളിൽ ഇനി ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങൾ ജോർജിയ, നെവാദ, അരിസോണ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവയാണ്. ജോർജിയയിൽ ട്രംപ് 20000ത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ്. ഇന്ന് തന്നെ ഇവിടെ നിന്ന് ഫലം വരും. നെവാദയിൽ രണ്ട് ലക്ഷത്തോളം വോട്ട് ഇനിയും എണ്ണാനുണ്ട്. അരിസോണയിൽ ഈയാഴ്ച അവസാനമേ ഫലം പുറത്തുവരൂ. ഇവിടെ ബൈഡന്റെ ലീഡ് കുറഞ്ഞിട്ടുണ്ട്. 16 ഇലക്ടറൽ വോട്ടുള്ള പെൻസിൽവാനിയയിൽ ഇനിയും പത്ത് ലക്ഷത്തോളം വോട്ട് എണ്ണാനുണ്ട്. ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ വേണ്ടി വരുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി കാത്തി ബൂക്ക്‌വർ പറഞ്ഞത്. നോർത്ത് കരോലിനയിലെ ഫലം നവംബർ 12 നോ 13 നോ പുറത്തുവരുമെന്നാണ് കരുതുന്നത്. ഇവിടെ ട്രംപിനാണ് നിലവിൽ ലീഡ്. 

അതേസമയം വിജയം ഉറപ്പിച്ചിരിക്കുകയാണ് ബൈഡൻ. ട്രംപിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്നും പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം തടയാന്‍ ലഭ്യമിടുന്ന ഉടമ്പടിയാണിത്. പ്രസിഡന്റ് പദവിയിലേക്ക് വിജയിക്കുന്ന സ്ഥാനാർത്ഥി ഒരു ട്രാൻസിഷൻ സംഘത്തെ തയ്യാറാക്കി നിർത്താറുണ്ട്. ജനുവരിയിൽ ഓഫീസ് ചുമതല ഏൽക്കുന്നതിനെ സഹായിക്കുന്നതിനാണ് ഈ സംഘം. ബൈഡൻ ബിൽഡ് ബാക്ക് ബെറ്റർ എന്ന പേരിൽ ഇതിന് വേണ്ടി ട്രാൻസിഷൻ വെബ്സൈറ്റും ലോഞ്ച് ചെയ്തു.

അമേരിക്കൻ പ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ 204 അംഗങ്ങളാണ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് വിജയിച്ചതെന്ന് അസോസിയേറ്റ് പ്രസ് പറയുന്നു. 190 പേർ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നാണ്. ഇനിയും നിരവധി സീറ്റുകളിൽ ഫലം വരാനുണ്ട്. സഭയിൽ കേവല ഭൂരിപക്ഷത്തിന് 218 അംഗങ്ങളാണ് വേണ്ടത്. സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി. 51 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 48 അംഗങ്ങളായി. ഡെമോക്രാറ്റിക് പാർട്ടിക്ക് 45 അംഗങ്ങളുണ്ട്. മറ്റ് പാർട്ടികൾക്ക് രണ്ട് അംഗങ്ങളുണ്ട്. ഈ അംഗങ്ങൾ ഡെമോക്രാറ്റിക് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 48-47 എന്ന നിലയിലാണ് സെനറ്റിലെ അംഗബലം.

തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതോടെ അമേരിക്കയുടെ നിരത്തുകൾ കലാപകലുഷിതമായി മാറിയിരിക്കുകയാണ്. 'വോട്ടുകൾ എണ്ണൂ' എന്ന മുദ്രാവാക്യവുമായാണ് ബൈഡൻ അനുകൂലികൾ തെരുവുകളിൽ പ്രതിഷേധിക്കുന്നത്. 'വോട്ടെണ്ണൽ നിർത്തൂ' എന്ന് മുദ്രാവാക്യം മുഴക്കി റിപബ്ലിക്കൻസും തെരുവിലുണ്ട്. പോളിംഗ് സമയത്തിനു ശേഷമുള്ള വോട്ടുകൾ എണ്ണരുതെന്നാണ് റിപ്പബ്ലിക്കൻ അനുകൂലികളുടെ ആവശ്യം. അവസാന വോട്ടും എണ്ണണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. ബോസ്റ്റണിലും മിനിയാപൊളിസിലും ഡെമോക്രാറ്റുകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.  ഡെട്രോയിട്ടിൽ റിപ്പബ്ലിക്കൻ അനുകൂലികളാണ് പ്രതിഷേധിച്ചത്.  ലാസ്‍വേഗസിൽ ട്രംപ്-ബൈഡൻ അനുകൂലികൾ ഏറ്റുമുട്ടി. വോട്ടെണ്ണൽ തുടരുന്ന  അരിസോണയിലും  റിപ്പബ്ലിക്കൻ അനുകൂലികൾ പ്രതിഷേധത്തിനിറങ്ങി.

അതിനിടെ ട്രംപിന്റെ ട്വീറ്റുകളെല്ലാം ഒന്നിന് പുറകെ ഒന്നായി മറച്ചുവെക്കുകയാണ് ട്വിറ്റർ ചെയ്യുന്നത്. ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്തുന്നതാണ് ട്രംപിന്റെ ട്വീറ്റുകളെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. ട്വീറ്റുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ട്വിറ്റര്‍ കുറ്റപ്പെടുത്തി.  വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോണാള്‍ഡ് ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. മിഷിഗണ്‍ കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജികൾ നല്‍കി. ഡെമോക്രാറ്റുകള്‍ ജനാധിപത്യ പ്രക്രിയ തകര്‍ത്തെന്നും ട്രംപ് ആരോപിക്കുന്നു.