യു എസ് ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ് ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനും എതിരെ അതൃപ്തി പുകയുന്നു. തോൽവിയുടെ ഉത്തരവാദിത്തം ട്രംപ് ഏറ്റെടുക്കാത്തതാണ് പ്രധാന കാരണം

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന് പിന്നാലെ നടന്ന യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനും എതിരെ അതൃപ്തി കടുക്കുന്നു. ഹെഗ്സേത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പ്രസിഡന്‍റ് ട്രംപ് എറ്റെടുക്കാത്തതിലും പാർട്ടിയിൽ അതൃപ്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം ക്രിപ്റ്റോ അടക്കം ശതകോടികളുടെ ഇടപാടുകളിൽ ട്രംപിനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് സെനറ്റിലെ ഡെമോക്രാറ്റുകൾ നീക്കം തുടങ്ങി.

വിശദ വിവരങ്ങൾ

'ഈ തെരഞ്ഞെടുപ്പ് തോൽവിക്ക് ഇറാൻ യുദ്ധവുംകാരണമായേക്കാം' - അമേരിക്കൻ പ്രസിഡന്‍റുമാരുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ട്രംപിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻ ഇനിയും തയ്യാറല്ല പ്രസിഡന്‍റ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വാക്കുകൾ. ഇന്നലെ മാധ്യമപ്രവർത്തകരെ കണ്ടപ്പോയും ട്രംപ് പറഞ്ഞത് വൈറ്റ് ഹൗസിലെ തന്‍റെ ബോൾ റൂം മോടി പിടിപ്പിക്കുന്നതിനെക്കുറിച്ചാണ്. ട്രംപ് ആഡംബര ബോൾ റൂം പണിയുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, തകർന്നടിഞ്ഞ റിപ്പബ്ലിക്കൻ കോട്ടകൾ തിരികെ പടുത്തുയർത്തുന്നതിനെക്കുറിച്ച് വ്യക്തമായ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. തോൽവിക്ക് ഇറാൻ യുദ്ധവും ജീവിതച്ചെലവ് കുത്തനെ കൂടിയതും കാരണമായെന്ന് വാൻസ് തുറന്നു പറഞ്ഞു. 2028 ൽ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നയാളാണ് വാൻസ്. ട്രംപിനെപ്പോലെ മാധ്യമങ്ങളിൽ എന്തും വാവിട്ട് സംസാരിക്കാത്ത, കുശാഗ്രബുദ്ധിയായ വാൻസിനെ മുൻ നിർത്തി മാത്രമേ, ഇനി 2028 ലെ തെരഞ്ഞെടുപ്പിനെ നേരിടാനാകൂ എന്ന് റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചറിയുന്നു. അതേസമയം ഇറാൻ യുദ്ധത്തിലെ പിഴവുകൾക്ക് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിന്‍റെ മേൽ പഴി ചാരുകയാണ് റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ. പീറ്റിന്‍റെ സ്ഥാനം തെറിക്കാനാണ് സാധ്യത.

മറുവശത്ത് ജനപ്രതിനിധിസഭയും സെനറ്റും പിടിച്ച ഡെമോക്രാറ്റുകൾ ട്രംപിന്‍റെയും കുടുംബത്തിന്‍റെയും ബിസിനസ്സുകളിലെ വൻ ഇടപാടുകൾ അന്വേഷിക്കാനുള്ള നീക്കം തുടങ്ങി. സുപ്രധാന രേഖകൾ സംരക്ഷിക്കണമെന്നും, നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യരുത് എന്നും സെനറ്റംഗങ്ങൾ കത്ത് നൽകിക്കഴിഞ്ഞു. കുത്തഴിഞ്ഞ ഭരണം നേരെയാക്കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കറാകാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്ന ഡെമോക്രാറ്റ് സെനറ്റർ ഹക്കീം ജെഫ്രീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷം മാത്രം ട്രംപിന്റെ ക്രിപ്റ്റോ ബിസിനസുകളിലെ വരുമാനം 1.4 ബില്യൺ ഡോളറാണ്. ട്രംപ് മീം കോയിൻ വഴി മാത്രം കോടികളുടെ വരുമാനവും കിട്ടി. ബഹാമസിലെ ട്രംപ് ജൂനിയറിന്റെ വിവാഹപാർട്ടിക്ക് റഷ്യൻ കോടീശ്വരൻ പണമിറക്കിയതടക്കം അന്വേഷിക്കപ്പെടുമെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player