ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം നടന്നു. ഇറാൻ അനുകൂല സായുധർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. ആക്രമണത്തെ തുടർന്ന് അമേരിക്ക പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും തിരിച്ചടിക്കുമെന്ന് പ്രതികരിക്കുകയും ചെയ്തു.
ബാഗ്‌ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം. എംബസി വളപ്പിനുള്ളിലെ ഹെലിപാഡിലാണ് ഡ്രോൺ പതിച്ചതെന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ എംബസി പരിസരത്ത് നിന്ന് പുക ഉയരുന്നത് കണ്ടതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്ര കാര്യാലയങ്ങളിൽ ഒന്നായ ഈ കോംപ്ലക്‌സിന് നേരെ മുൻപും ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
ബാഗ്ദാദിന്റെ പ്രാന്തപ്രദേശങ്ങളിൽ സായുധരായ 2 ഇറാൻ അനുകൂലികൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് യുഎസ് എംബസിക്ക് നേരെയുള്ള ആക്രമണം നടന്നത്. കൊല്ലപ്പെട്ടവർ ഇറാനുമായി അടുത്ത ബന്ധമുള്ള ഹെസ്‌ബുള്ള ബ്രിഗേഡിലെ അംഗങ്ങളാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇറാഖിനും സിറിയയ്ക്കും ഇടയിലുള്ള അതിർത്തി മേഖലകളിലും ബാഗ്ദാദിലുമായി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 11 ഇറാൻ അനുകൂലികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക അറിയിപ്പ്.
അമേരിക്കയും ഇസ്രായേലും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന ഏറ്റുമുട്ടൽ ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ഇറാഖിലെ യുഎസ് എംബസിക്ക് എതിരെ ആക്രമണം നടന്നത്. ഇറാഖിലുള്ള പൗരന്മാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാൻ അനുകൂല സായുധ സംഘങ്ങൾ നടത്തുന്ന ആക്രമണം ആഗോള വിപണിയെയും സുരക്ഷയെയും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതേസമയം ഇറാന് കനത്ത തിരിച്ചടി നൽകുമെന്നാണ് അമേരിക്കയുടെ പ്രതികരണം.


