ഭാവി ചര്‍ച്ചകളില്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം കൂട്ടുക, യുദ്ധം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ ട്രംപിന് അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അന്തിമയുദ്ധത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇറാന്‍ യുദ്ധം എങ്ങുമെത്താതെ തുടരുന്നതിനിടെ, അമേരിക്ക അന്തിമയുദ്ധത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിലിടുക്കിലെ കപ്പല്‍ ഗതാഗത സ്തംഭനം അനിശ്ചിതമായി തുടരുകയും സമാധാന ചര്‍ച്ച ഫലം കാണാതിരിക്കുകയും ചെയ്താല്‍, അന്തിമയുദ്ധമല്ലാതെ മാര്‍ഗമില്ലെന്നാണ് യുഎസ് നിലപാട്. ഇതിനായി ട്രംപ് ഭരണകൂടം നാല് സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. കരയുദ്ധം, വന്‍തോതിലുള്ള വ്യോമാക്രമണം എന്നിവയാണ് അമേരിക്ക പരിഗണിക്കുന്നത്. ഇവ ഒന്നിച്ചോ വെവ്വേറെയോ നടത്താാണ് ആലോചന. ഭാവി ചര്‍ച്ചകളില്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം കൂട്ടുക, യുദ്ധം ഏകപക്ഷീയമായി അവസാനിപ്പിക്കാന്‍ ട്രംപിന് അവസരം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അന്തിമയുദ്ധത്തിന് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്തിമയുദ്ധത്തിനായി നാല് പ്രധാന മാര്‍ഗങ്ങളാണ് അമേരിക്ക പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒന്ന്, ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കല്‍: ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുക. ഇതുവഴി ഇറാന്റെ സാമ്പത്തിക സ്രോതസ്സ് അടക്കാനാവും എന്നാണ് യുഎസ് കണക്കുകൂട്ടല്‍.

രണ്ട്, ലാറക് ദ്വീപ് പിടിച്ചെടക്കുക: ഹോര്‍മുസ് കടലിടുക്കിലാണ് ലാറക് ദ്വീപ്. ഇവിടെയാണ് ഇറാന്റെ റഡാറുകളും സൈനിക താവളങ്ങളും. കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ നിരീക്ഷിക്കാനും സിവിലിയന്‍ കപ്പലുകളെ ആക്രമിക്കാന്‍ ചെറിയ ബോട്ടുകള്‍ വിന്യസിക്കാനും ഈ ദ്വീാണ്് ഇറാന്‍ ഉപയോഗിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് നിയന്ത്രണത്തിലാക്കാന്‍ ഈ ആക്രമണം വഴി സാധിക്കുമെന്നാണ് അമേരിക്കന്‍ കണക്കുകൂട്ടല്‍്.

മൂന്ന്, അബു മൂസ ദ്വീപ് കീഴടക്കുക: ഈ ദ്വീപ് ഉപയോഗിച്ചാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറത്തേക്ക് പോകുന്ന കപ്പലുകള്‍ ഇറാന്‍ നിയന്ത്രിക്കുന്നത്. അബു മൂസയും അടുത്തുള്ള ഗ്രേറ്റര്‍, ലെസ്സര്‍ ടുബ് ദ്വീപുകള്‍ ഇറാന്റെ കൈവശമാണെങ്കിലു യു എ ഇ ഈ ദ്വീപുകള്‍ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

നാല്, എണ്ണക്കപ്പലുകള്‍ പിടിച്ചെടുക്കു: യുദ്ധം നടക്കുമ്പോഴും ഇറാന്‍ കപ്പലുകള്‍ എണ്ണയുമായി ഹോര്‍മുസ് കടലിടുക്ക് കടന്ന് പോവുന്നുണ്ട്. ഈ കപ്പലുകള്‍ തടയുകയോ അവയുടെ നിയന്ത്രണം ഏറ്റെടുക്കുകയോ ചെയ്താല്‍ ഇറാനെ സാമ്പത്തികമായി പൂട്ടാം എന്നാണ് യുഎസ് കണക്കുകൂട്ടല്‍.

ഇതോടൊപ്പം മറ്റൊരു പദ്ധതി കൂടി അമേരിക്കന്‍ ചര്‍ച്ചകളിലുണ്ട്-ഇറാന്റെ പക്കലുള്ള 450 കിലോ സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കുക. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട ആണവ നിലയങ്ങള്‍ക്ക് താഴെയാണ് ഈ യുറേനിയം എന്നാണ് കരുതുന്നത്. ഇവിടെ വ്യോമാക്രമണം ശക്തമാക്കുക, കരസൈന്യത്തെ ഇറക്കുക എന്നീ മാര്‍ഗങ്ങളാണ് നിലവില്‍ പരിഗണിക്കുന്നതെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എങ്കിലും, സാധ്യതകളില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഈ മാര്‍ഗങ്ങളില്‍ ഏത് എങ്ങനെ വേണമെന്ന അന്തിമ തീരുമാനം പ്രസിഡന്റാണ് എടുക്കേണ്ടത്. ട്രംപ് ഇക്കാര്യങ്ങളില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.