Asianet News MalayalamAsianet News Malayalam

പാക് സൈന്യത്തിനെതിരെ ശബ്ദമുയർത്തി; ​ഗുലാലായിയുടെ പിതാവ് തടങ്കലിൽ, ആശങ്കയറിയിച്ച് അമേരിക്ക

നൂറുകണക്കിന് പഷ്തൂണ്‍ സ്ത്രീകളെ പാകിസ്ഥാൻ സൈനികർ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന ആരോപണമുന്നയിച്ചതിനെ തുടർന്നാണ് മുപ്പത്തിരണ്ടുകാരിയായ ഗുലാലായ് ഇസ്മയിലെ പാക് ഭരണകൂടം വേട്ടയാടാൻ തുടങ്ങിയത്.

US Expressing concern over the detention of Gulalai Ismails father in Pakistan
Author
Washington D.C., First Published Oct 25, 2019, 12:08 PM IST

വാഷിങ്ടൺ: പാകിസ്ഥാൻ സൈന്യത്തിന്റെ ലൈംഗിക അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലായ് ഇസ്മയിലിന്റെ പിതാവിനെ തടവിൽ വച്ച പാക് ഭരണകൂടത്തിന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. പൗരന്മാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് അമേരിക്ക വെള്ളിയാഴ്ച ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടു. ഗുലാലായ് ഇസ്മയിലിന്റെ കുടുംബത്തിനെതിരെ പാക് ഭരണകൂടം തുടരുന്ന ദ്രോഹത്തിനെതിരെയും അമേരിക്ക ആശങ്ക അറിയിച്ചു.

ജനങ്ങളുടെ ആവിഷ്കാര സ്വാതന്ത്രവും അവകാശങ്ങളും മുറുകെപിടിക്കുന്നതിന് പാകിസ്ഥാനെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎസ് ഉത്തര-മധേഷ്യാ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെൽസ് ട്വീറ്റ് ചെയ്തു. ആലീസിന്റെ ‍ട്വീറ്റിന് മറുപടിയുമായി ഗുലാലായ് ഇസ്മയിൽ രം​ഗത്തെത്തിയിരുന്നു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തന്റെ അച്ഛനെ തടങ്കലിൽവച്ച പാക്ഭരണകൂടത്തിന്റെ നടപടിയിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശം വിനിയോഗിച്ചതിന് പൗരന്മാരെ പീഡിപ്പിക്കുന്നതിലൂടെ പാകിസ്ഥാൻ സ്വന്തം സൽപ്പേരിന് കോട്ടം വരുത്തുകയാണെന്നും ​ഗുലാലായി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പിതാവ് മുഹമ്മദ് ഇസ്മയിലിനെ പേഷ്‍വാർ ഹൈക്കോടതിയിൽ എത്തിച്ചതിനെക്കുറിച്ച് ​ഗുലാലായി റിപ്പോർട്ട് ചെയ്തിരുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിനായി പോരാടുന്ന സ്ത്രീകളെ ഭീകരരായി കാണിക്കുന്ന പാകിസ്ഥാന്റെ ശ്രമത്തിന്റെ ഭാ​ഗമാണ് തന്റെ പിതാവിനെ തടങ്കലിൽ വച്ചതെന്നും ​ഗുലാലായി പറഞ്ഞു.

നൂറുകണക്കിന് പഷ്തൂണ്‍ സ്ത്രീകളെ പാകിസ്ഥാൻ സൈനികർ ലൈംഗിക അടിമകളാക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന ആരോപണമുന്നയിച്ചതിനെ തുടർന്നാണ് മുപ്പത്തിരണ്ടുകാരിയായ ഗുലാലായ് ഇസ്മയിലെ പാക് ഭരണകൂടം വേട്ടയാടാൻ തുടങ്ങിയത്. പാക് സൈന്യത്തിനെതിരെ ഉന്നയിച്ച വിവാദപരാമർശത്തിൽ ഭരണകൂടം ​ഗുലാലായെ അറസ്റ്റ് ചെയ്തു. ​ഗുലാലായിലെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാഷണൽ പ്രസ് ക്ലബിന്റെ മുന്നിൽ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചതോടെ ഭ​രണകൂടം അയഞ്ഞു. തുടർന്ന് ​തടങ്കലിൽ നിന്ന് വിട്ടയച്ച ഗുലാലായി സെപ്തംബറിൽ പാക് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് ​യുഎസിലേക്ക് പാലായനം ചെയ്തു. അവിടെയെത്തിയ ​ഗുലാലായി രാഷ്ട്രീയ അഭയം നൽകണമെന്ന് അമേരിക്കയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രാജ്യന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിമാനമാർഗമല്ല താൻ യുഎസിൽ എത്തിയതെന്നും ഒളിവിൽ കഴിയാനും രാജ്യം വിടാനും തന്നെ സഹായിച്ചവരുടെ ജീവൻ അപകടത്തിൽപെട്ടേക്കാമെന്നുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു പറയുന്നില്ലെന്നും രാജ്യാന്തര മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ ഗുലാലായ് പറഞ്ഞിരുന്നു. രാജ്യാന്തര തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗുലാലായിയെ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നത് പാകിസ്ഥാൻ വിലക്കേർപ്പെടുത്തിയിരുന്നു. ശ്രീലങ്കവഴിയാണ് ​ഗുലാലായ് യുഎസിലേക്ക് കടന്നതെന്നാണ് നി​ഗമനം.

പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗമാണ് പഷ്തൂണ്‍. ഇരുരാജ്യങ്ങളുമായി ഒട്ടേറെ പഷ്തൂണ്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ കഴിയുന്ന പഷ്തൂണുകളുടെ വീടുകള്‍ ആക്രമിക്കുന്ന പാക് സൈന്യം അവിടുത്തെ സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയശേഷം അവരെ പട്ടാള ക്യാമ്പുകളിൽ‌‌ ലൈംഗിക അടിമകളാക്കുകയാണെന്ന് ​ഗുലാലായി പറഞ്ഞു. ഇതിനെ തുടർന്ന് അതിർത്തിയിലെ പഷ്തൂണ്‍ വിഭാ​ഗക്കാർ പാകിസ്ഥാൻ വിട്ട് അഫ്ഗാനിസ്ഥാനിലേക്ക് പാലായനം ചെയ്യുന്നത് വ്യാപകമാകുകയാണെന്നും ​ഗുലാലായി കൂട്ടിച്ചേർത്തു.

പതിനാറാമത്തെ വയസ്സിൽ ‘അവെയർ ഗേൾസ്’ എന്ന പേരിൽ ഒരു എൻ‌ജി‌ഒ സ്ഥാപിച്ച് അനീതിക്കെതിരെ പോരാടിയതോടെയാണ് ​ഗുലാലായി പാക് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുന്നത്. പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തിനും അനീതിക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന ഗുലാലായിയുടെ സാന്നിധ്യം പാക് ഭരണകൂടത്തെ അസ്വസ്ഥരാക്കിയിരുന്നു. പാകിസ്ഥാൻ കോടതിയിൽ ആറോളം കേസുകൾ ​ഗുലാലായിയുടെ പേരിലുണ്ട്.  
 

Follow Us:
Download App:
  • android
  • ios