കാണാതായ യുദ്ധവിമാനം വീണ്ടും പറന്നു? കണ്ടെത്തിയത് 120 കിലോമീറ്റര്‍ അകലെ, അസാധാരണ നടപടിയുമായി യു.എസ് സൈന്യം
റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാന്‍ കഴിയുന്ന അത്യാധുനിക വിമാനമായ എഫ്-35 കാണാതായ സംഭവം യു.എസ് നാവികസേന ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നതെന്നാണ് ഇത്തരത്തിലുള്ള അസാധാരണ നടപടികള്‍ തെളിയിക്കുന്നതെന്നാണ് പശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

കൊളംബിയ: കാണാതായ എഫ്-35 യുദ്ധവിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഒരു ദിവസത്തിനുശേഷം കണ്ടെത്തിയതിന് പിന്നാലെ സുരക്ഷാ നടപടികളുമായി അമേരിക്കന്‍ നാവികസേന വിഭാഗം. യു.എസ് മറൈന്‍ കോപ്സിന്‍റെ കീഴിലുള്ള എല്ലാ യുദ്ധവിമാനങ്ങളും അടിയന്തരമായി നിലത്തിറക്കണമെന്നും ഇപ്പോഴുള്ള ഓപ്പറേഷന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും യു.എസ് മറൈന്‍ കോപ്സിന്‍റെ ആക്ടിങ് കമാന്‍ഡന്‍റ് ജനറല്‍ എറിക് സ്മിത് നിര്‍ദേശം നല്‍കിയതായി എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ മറ്റു രാജ്യങ്ങളിലുള്ള യുദ്ധവിമാനങ്ങളും ഈ ആഴ്ച രണ്ടു ദിവസത്തേക്ക് ഓപ്പറേഷന്‍സ് നിര്‍ത്തിവെക്കും. വ്യോമയാന മേഖലയിലെ സുരക്ഷാകാര്യങ്ങളെക്കുറിച്ചും യുദ്ധവിമാനങ്ങളുടെ ഓപ്പറേഷന്‍സ് മാര്‍ഗനിര്‍ദേശത്തെക്കുറിച്ചും പൈലറ്റുമാരില്‍ കൂടുതല്‍ ചര്‍ച്ച നടത്താനും ഏകോപനമുണ്ടാക്കാനുമാണ് ഇപ്പോള്‍ താല്‍ക്കാലികമായി യുദ്ധവിമാനങ്ങള്‍ താഴെയിറക്കുന്നതെന്നാണ് പെന്‍റഗണ്‍ അറിയിച്ചിരിക്കുന്നത്.
സുരക്ഷിതമായ ഫ്ലൈറ്റ് ഓപ്പറേഷന്‍സ്, ഗ്രൗണ്ട് സേഫ്റ്റി തുടങ്ങിയ വിവിധ കാര്യങ്ങളില്‍ ചര്‍ച്ച ഉള്‍പ്പെടെ ഇക്കാലയളവില്‍ നടത്തുമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാന്‍ കഴിയുന്ന അത്യാധുനിക വിമാനമായ എഫ്-35 കാണാതായ സംഭവം യു.എസ് നാവികസേന ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നതെന്നാണ് ഇത്തരത്തിലുള്ള അസാധാരണ നടപടികള്‍ തെളിയിക്കുന്നതെന്നാണ് പശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എഫ്-35 ലൈറ്റനിങ് -രണ്ട് ഫൈറ്റര്‍ ജെറ്റ് കാണാതായി ഒരു ദിവസത്തിനുശേഷം സൗത്ത് കരോലിനയിലെ വില്യംസ്ബര്‍ കൗണ്ടിയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച സൗത്ത് കരോലിനയില്‍ നോര്‍ത്ത് ചാള്‍സ്റ്റണില്‍ വെച്ചാണ് അടിയന്തര സാഹചര്യത്തെതുടര്‍ന്ന് പൈലറ്റ് വിമാനത്തില്‍നിന്ന് ഇജക്ട് ചെയ്ത് പുറത്തുവന്നതിന് പിന്നാലെ വിമാനം കാണാതായത്. വിമാനത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
ഫ്ലൈറ്റ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വില്യംസ് ബര്‍ഗ് കൗണ്ടിയിലെ മരങ്ങള്‍ നിറഞ്ഞ തോട്ടത്തില്‍ വിമാനം തകര്‍ന്നുവീണിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തി പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. വിമാനം കാണാതായ സ്ഥലത്തുനിന്നും 120 കിലോമീറ്ററേിലധികം ദൂരത്തായുള്ള സ്ഥലത്താണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൈലറ്റ് ഇജക്ട് ചെയ്തശേഷവും ഓട്ടോ പൈലറ്റ് സംവിധാനത്തില്‍ വിമാനം പറന്നിരിക്കാമെന്നാണ് കരുതുന്നത്. യുക്രെയിന്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ ഉപയോഗിക്കുന്ന അത്യാധുനിക യുദ്ധവിമാനമാണ് എഫ്-35 ലൈറ്റനിങ് രണ്ട് ഫൈറ്റര്‍ ജെറ്റ്. റഡാറുകളുടെ കണ്ണുവെട്ടിച്ചു പറക്കാന്‍ കഴിയുന്ന സംവിധാനം വിമാനത്തിലുണ്ട്. ഇജക്ട് ചെയ്തശേഷം പൈലറ്റ് പാരച്യൂട്ടില്‍ സുരക്ഷിതമായി നോര്‍ത്ത് ചാള്‍സ്റ്റണിലിറങ്ങുകയായിരുന്നു. യുദ്ധവിമാനം പറത്തുന്നതിനിടെ എന്തുകൊണ്ടാണ് പൈലറ്റ് ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെട്ടതെന്നത് വ്യക്തമല്ല. അടിയന്തര സാഹചര്യത്തില്‍ മാത്രമാണ് ഇത്തരത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കാറുള്ളത്. വിമാനം അടിയന്തരമായി ഇറക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്.