സിറിയയിലെ അമേരിക്കൻ താവളമായ ഖസ്രാക് ആക്രമിച്ചെന്നും ഇറാൻ അറിയിച്ചു. അമേരിക്ക - ഇസ്രയേൽ ബന്ധമുള്ള സർവകലാശാലകളും ആക്രമിക്കും എന്ന് ഐആർജിസി ഭീഷണി മുഴക്കി.

ടെഹ്റാൻ: അമേരിക്കയുടെ നിരീക്ഷക മുന്നറിയിപ്പ് വിമാനം തകർത്തെന്ന് ഇറാൻ. യുഎസിന്‍റെ പറക്കും റഡാർ സംവിധാനം ഇറാൻ തകർത്തത് യുഎസിന് വലിയ തിരിച്ചടിയാണ്. കരയാക്രമണത്തിന് യുഎസ് ശ്രമിച്ചാൽ നിർണായക പങ്ക് വഹിക്കേണ്ടിയിരുന്ന വിമാനമാണ് ഇറാൻ തകർത്തത്. അതേസമയം വിമാനം തകർന്നെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സിറിയയിലെ അമേരിക്കൻ താവളമായ ഖസ്രാക് ആക്രമിച്ചെന്നും ഇറാൻ അറിയിച്ചു. അമേരിക്ക - ഇസ്രയേൽ ബന്ധമുള്ള സർവകലാശാലകളും ആക്രമിക്കും എന്ന് ഐആർജിസി ഭീഷണി മുഴക്കി. ഗൾഫ് മേഖലയിലേക്ക് ഇന്നലെ രാത്രിയും ആക്രമണം നടന്നു. ലബനനിൽ ഇസ്രയേൽ ഹെലികോപ്റ്ററുകളും ടാങ്കുകളും തകർത്തന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.

പശ്ചിമേഷ്യൻ യുദ്ധം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമാധാന സാധ്യതകളിപ്പോഴും അതിവിദൂരമാണ്. ടെഹ്റാനടക്കം ഇറാന്‍റെ നഗരങ്ങളിൽ മിസൈൽ വർഷമുണ്ടായി. ലക്ഷ്യമിട്ടത് ആയുധപ്പുരകളും, താത്കാലിക കമാൻഡ് സെന്ററുകളുമാണെന്ന് അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. പക്ഷേ ജനവാസ മേഖലകളിലടക്കം സ്ഫോടനങ്ങൾ നടന്നു. ഇറാൻ ശാസ്ത്ര സങ്കേതിക സർവകലാശാലയിലെ കെട്ടിടങ്ങൾ നിന്ന് കത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഖുസെസ്താൻ പ്രവശ്യയിൽ ജലസേചന സംവിധാനവും തകർന്നു.

ഇറാനിൽ ആഴ്ചകൾ നീളുന്ന കരയുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്പെഷ്യൽ ഓപ്പറേഷൻസ് ട്രൂപ്പുകളെ ഉപയോഗിച്ച് ഖാർഗ് അടക്കം ദ്വീപുകൾ നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യമെന്നാണ് വിവരം. 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ഇറാന്റെ മണ്ണിൽ കാല് കുത്തിയാൽ ശവപ്പെട്ടിയിലാകും മടക്കമെന്നാണ് ഇതിനുള്ള ടെഹ്റാന്റെ മറുപടി. ഇറാനിൽ ഇത് വരെ മൂവായിരത്തി മുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ഇതിൽ ആയിരത്തിയഞ്ഞൂറോളം പേർ സാധാരണക്കാരാണ്.

ഹൂതികൾ കൂടി യുദ്ധത്തിൽ പങ്കുചേർന്നതോടെ ഇസ്രയേലിന് മുന്നിൽ മൂന്നാം പോർമുഖം കൂടി തുറന്നിരിക്കുകയാണ്.കഴിഞ്ഞ രാത്രി രണ്ട് വട്ടം യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈലാക്രമണം നടന്നു. ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത ക്ഷാമം ഇസ്രയേൽ നേരിടുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലെബനനിലേക്ക് സിറിയ വഴി കൂടി ആക്രമണം നടത്തുന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. സമാധാന സാധ്യതകൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്ലാമാബാദിൽ ചർച്ച നടത്തുകയാണ്.