ജോർദാനിലെ സൈനിക താവളത്തിലെ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിലെ ഡാർകോവിൻ ആണവ നിലയത്തിലടക്കം ആക്രമണം നടത്തി. മിസൈൽ, ഡ്രോൺ കേന്ദ്രങ്ങളും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു

ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യു എസ്. ഇറാനിൽ നിർമാണം നടക്കുന്ന ആണവ നിലയത്തിലടക്കം ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഡാർകോവിൻ ആണവ നിലയത്തിൽ ആണ് ആക്രമണം നടത്തിയത്. ഇറാനിൽ ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ തീര നിരീക്ഷണ സംവിധാനങ്ങൾ, റഡാറുകൾ, നാവിക സംവിധാനങ്ങൾ, മിസൈൽ - ഡ്രോൺ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഇറാനിൽ അമേരിക്ക വ്യാപക ബോംബാക്രമണം നടത്തിയത്.

ഐ എ ഇ എ മൗനം വെടിയണം

ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, വിഷയത്തിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ എ ഇ എ) മൗനം വെടിയണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. യു എസ് ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നാല് കപ്പലുകളെ ഇറാൻ തടയുകയും രണ്ട് കപ്പലുകൾക്ക്u നേരെ ആക്രമണം നടത്തുകയും ചെയ്തതായാണ് വിവരം. മേഖലയിൽ സമാധാനത്തോടെ തുടരാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.

അമേരിക്കയെ ഞെട്ടിച്ച 'ജോർദാൻ' ആക്രമണം

ജോർദാനിലെ അമേരിക്കൻ താവളത്തിൽ ഇന്നലെ ഇറാൻ നടത്തിയ ആക്രമണം അമേരിക്കയെ ഞെട്ടിക്കുന്നതായിരുന്നു. രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും നാലു സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തത് അമേരിക്കക്ക് ക്ഷീണമായി. സമാധാന ധാരണയ്ക്ക് ശേഷവും, യുദ്ധത്തിലാകെയും അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായി ജോർദാനിലെ സൈനികരുടെ മരണം. സമാധാന ധാരണ ഇനി പാലിക്കേണ്ടതിലെന്ന് തീരുമാനിച്ച് കഴിഞ്ഞെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അമേരിക്കയ്ക്ക് മേഖലയിൽ സമാധാനത്തോടെ തുടരാൻ കഴിയില്ലെന്ന് ഇറാൻ പരമോന്നത നേതാവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ അന്ത്യശാസനം ഗൗരവത്തിലെടുക്കണമെന്ന് മേഖലയിലെ രാജ്യങ്ങളോട് ഇറാൻ സേനയും ഭീഷണി മുഴക്കി. അതിർത്തികൾ കടന്നുള്ള കടന്നാക്രമണമെന്ന മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണമെന്ന് ഗൾഫ് രാജ്യങ്ങളോട് ഇറാൻ ആവർത്തിച്ചതോടെ മേഖല കൂടുതൽ അശാന്തമായിട്ടുണ്ട്. കുവൈത്തിൽ പകലും ആക്രമണം തുടരുന്നു. എന്നാൽ മുൻ ദിവസങ്ങളെ അപേകിഷിച്ച് ഇറാന്‍രെ ആക്രമണങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

YouTube video player