ഇറാനുമായി ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ സമുദ്ര മൈനുകൾ നീക്കം ചെയ്യാനായി അമേരിക്കൻ നാവികസേന രണ്ട് പടക്കപ്പലുകൾ വിന്യസിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചരിത്രപരമായ ഈ ചർച്ചകൾക്കിടയിലെ അമേരിക്കൻ സൈനിക നീക്കം സംഘർഷാവസ്ഥ വർദ്ധിപ്പിക്കുമെന്ന ആശങ്ക ഉയർത്തുന്നു

ഇസ്ലാമാബാദ്: ഇറാനുമായി സമാധാന ചർച്ചകൾ ഇസ്ലാമാബാദിൽ പുരോഗമിക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ നിർണ്ണായക സൈനിക നീക്കവുമായി അമേരിക്കൻ നാവികസേന. കടലിടുക്കിലെ സുരക്ഷിത പാത തടസ്സപ്പെടുത്തുന്ന സമുദ്ര മൈനുകൾ നീക്കം ചെയ്യുന്ന നടപടി ആരംഭിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ട് അത്യാധുനിക പടക്കപ്പലുകളുടെ സംരക്ഷണത്തിലാണ് മൈൻ നീക്കം ചെയ്യൽ നടക്കുന്നത്. സമാധാന ചർച്ചകൾ നടക്കുമ്പോഴും ഹോർമുസ് തുറക്കാൻ സൈനിക ബലം പ്രയോഗിക്കാനാണോ അമേരിക്കൻ നീക്കം എന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ഇതിനെ ഇറാൻ എങ്ങനെ വിലയിരുത്തുമെന്ന ആശങ്കയും സജീവമാണ്. അതേസമയം 1979 ലെ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദിൽ തുടക്കമായിട്ടുണ്ട്. ലോകത്തിന് വലിയ പ്രതീക്ഷയേകുന്നതാണ് ഈ ചർച്ച.

ഇറാൻ - അമേരിക്ക നേരിട്ടുള്ള ചർച്ചയിൽ പ്രതീക്ഷ

പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് അമേരിക്ക - ഇറാൻ നേരിട്ടുള്ള വെടിനിർത്തൽ ചർച്ചക്ക് നേതൃത്വം നൽകിയത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ ചരിത്രപരമായ ചർച്ച നടക്കുന്നത്. അമേരിക്കൻ പ്രതിനിധി സംഘത്തിൽ വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരും, ഇറാൻ ഭാഗത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുക, ലെബനനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം തുടങ്ങിയ നിർണ്ണായക വിഷയങ്ങളാണ് ചർച്ചയിലുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിൽ ഈ ചർച്ച ഒരു വലിയ നാഴികക്കല്ലാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ചർച്ചകൾ വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചർച്ചകളിൽ ഫലം കണ്ടാൽ സാങ്കേതിക കരാറിന് അന്തിമ രൂപം നൽകും എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആണവ മേഖല, സാമ്പത്തിക മേഖല, സൈനിക മേഖല, നിയമ മേഖലകളിലെ വിദഗ്ദർ ആണ് നിലവിലെ ചർച്ചയിൽ നേതാക്കൾക്കൊപ്പം പങ്കെടുക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്.