40 വര്‍ഷത്തെ ചാള്‍സ് സി ക്യു ബ്രൗണിന്‍റെ സേവനങ്ങള്‍ക്ക് ട്രംപ് നന്ദി അറിയിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.  

വാഷിങ്ടണ്‍; സൈനിക തലപ്പത്ത് അഴിച്ചുപണി നടത്തി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫിന്‍റെ ചെയര്‍മാനായിരുന്ന ജനറല്‍ സി ക്യു ബ്രൗണിനെ ട്രംപ് പുറത്താക്കി. പകരം മുന്‍ എയര്‍ഫോഴ്സ് ലഫ.ജനറല്‍ ഡാന്‍ റേസിന്‍ കെയ്നെ യാണ് ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്‍റെ ഉന്നത പദവിയിൽ നിയമിക്കുന്നത് ഇതാദ്യമായാണ്. 

2023 ലാണ് ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫിന്‍റെ 21-ാമത് ചെയര്‍മാനായി സി ക്യു ബ്രൗണ്‍ സ്ഥാനമേറ്റത്. വിരമിക്കാന്‍ രണ്ട് വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് ട്രംപിന്‍റെ നടപടി. ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും പ്രസിഡന്‍റിന്‍റേയും പ്രതിരോധ സെക്രട്ടറിയുടേയും ദേശീയ സുരക്ഷാ സമിതിയുടെയും, പ്രധാന സൈനിക ഉപദേശ്ടാവായിരുന്നു ബ്രൗണ്‍. ഇദ്ദേഹത്തെ കൂടാതെ അഡ്മിറല്‍മാരും ജനറല്‍മാരുമായ മറ്റ് അഞ്ചുപേരെകൂടി സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. 

40 വര്‍ഷത്തെ ചാള്‍സ് സി ക്യു ബ്രൗണിന്‍റെ സേവനങ്ങള്‍ക്ക് ട്രംപ് നന്ദി അറിയിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫിന്‍റെ അടുത്ത ചെയർമാനായി എയര്‍ഫോഴ്സ് ലഫ.ജനറല്‍ ഡാന്‍ റേസിന്‍ കെയ്നെ നാമനിർദേശം ചെയ്യുന്നതായി പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ജനറൽ കെയ്ൻ ഒരു പ്രഗത്ഭനായ പൈലറ്റും മികച്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനും , നല്ലൊരു സംരംഭകനുമാണ്' എന്ന് ട്രംപ് പറഞ്ഞു.

നാവികസേനാ മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കുമെന്ന് പെന്‍റഗൺ അറിയിച്ചിട്ടുണ്ട്. നാവികസേനാ മേധാവിയുടെ പദവിയിലെത്തിയ ആദ്യ വനിതയാണ് അഡ്മിറൽ ഫ്രാഞ്ചെറ്റി. പുറത്താക്കലിന് കാരണം ട്രംപ് വ്യക്തമാക്കിയിട്ടില്ല.

Read More: 145 വർഷം പഴയ മേശ മാറ്റി ട്രംപ്, ഇലോണ്‍ മസ്കിന്‍റെ മകന്‍ മേശയിൽ മൂക്ക് തുടച്ചതിന് പിന്നാലെയെന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം