ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കിടെ ഞായറാഴ്ച പശ്ചിമേഷ്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ഡൊണാൾഡ് ട്രംപ് . ഇസ്രായേൽ - ഹമാസ് സമാധാന ധാരണ ഒപ്പിടുന്നത് കാണാൻ ഞായറാഴ്ച ഈജിപ്തിൽ ട്രംപ് എത്തിയേക്കുമെന്നാണ് സൂചന.
ഗാസ- ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യ സന്ദർശിക്കാൻ സാധ്യത. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് അവസാനം പശ്ചിമേഷ്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയത്. ഇസ്രായേൽ - ഹമാസ് സമാധാന ധാരണ ഒപ്പിടുന്നത് രണ്ട ദിവസത്തിന് ഉള്ളിൽ ഉണ്ടായേക്കും. ഇത് കാണാനായി ഞായറാഴ്ച ഈജിപ്തിൽ ട്രംപ് എത്തിയേക്കുമെന്നുമാണ് വിവരം.
സംഘർഷം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച കരാറിനോട് ഹമാസും ഇസ്രായേലും അനുകൂലമായാണ് പ്രതികരിച്ചത്. ഇസ്രായേൽ ജയിലുകളിൽ തടവിലാക്കിയ പലസ്തീൻ തടവുകാർക്ക് പകരമായി ഗാസയിലെ ഇസ്രായേൽ ബന്ദികളെ വിട്ടയക്കുന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുന്നു, എങ്കിലും പ്രധാന വിഷയങ്ങളിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ്. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന കരാർ നിലവിൽ വരുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ചയുടെ അവസാനത്തോടെ, ഒരുപക്ഷേ ഞായറാഴ്ച തന്നെ, ഞാൻ അങ്ങോട്ട് പോയേക്കാമെന്ന് വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് പറഞ്ഞതായി എഎഫ്പി വാർത്താ ഏജൻസി ഉദ്ധരിച്ചു. ചർച്ചകൾ വളരെ നന്നായി നടക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ മരുമകനും ഈജിപ്തിൽ
ഗാസ സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും ഈജിപ്തിലെത്തി. ചർച്ചകളിൽ ശുഭാപ്തിവിശ്വാസംപ്രകടിപ്പിച്ച ഹമാസ്, ഇസ്രയേൽ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടിക കൈമാറി. ബന്ദികളെ ഹമാസും 1950 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ സമാധാനപദ്ധതിയിലെ നിർദ്ദേശം. പക്ഷേ ഫത്താ പാർട്ടിയുടെ മുൻനേതാവ് മർവാൻ ബർഗൗതിയെയും അഹ്മ്മദ് സാദത്തിനെയും മോചിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിക്കാനിടയില്ലെന്നാണ് സൂചന. ഇസ്രയേലികളെ ആക്രമിച്ച് കൊ ലപ്പെടുത്തിയതിനാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്.

