റിയാദ്: സൗദിയിലെ എണ്ണ ഉൽപ്പാദന കേന്ദ്രത്തിലെ ആക്രമണത്തിന്റെ ആഘാതം വെളിപ്പെടുത്തുന്ന ഉപഗ്രഹ ദൃശ്യങ്ങൾ അമേരിക്ക പുറത്തുവിട്ടു. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് കരുതുന്നുണ്ടെങ്കിലും കൂടുതൽ തെളിവുകൾക്കായി കാക്കുകയാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ ആക്രമണം ഒഴിവാക്കാനാണ് അമേരിക്ക ആ്രഗഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

അരാംകോയിലെ ആക്രമണത്തിന് ഇറാന്റെ ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് സൗദി വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഘാതം വെളിപ്പെടുത്തുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ അമേരിക്ക പുറത്തുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. സൗദിയിൽ കൂടുതൽ മേഖലകൾ ലക്ഷ്യവയ്ക്കുന്നതായും ഇതിനു പിന്നാലെ ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. ഇറാൻ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. 

അതേസമയം സൗദിയുടെ ആരോപണത്തോട് കരുതലോടെയാണ് ട്രംപ് പ്രതികരിച്ചത്. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ ആരോപിക്കുന്നതിനിടെയാണ് ട്രംപ് വിഷയെത്ത കരുതലോടെ സമീപിക്കുന്നത്. ഇറാനിൽ ആക്രമണം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നേരത്തെ യുഎസ് കോൺഗ്രസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടെ സൗദിയിലെ ആക്രമണം ഗൾഫ് മേഖലയുടെ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് നാറ്റോയുടെ തലവൻ ജെൻസ് സ്റ്റോളൻബർഗ് ആരോപിച്ചു.  ആക്രമണം യമനികളുടെ സ്വാഭാവിക തിരിച്ചടിയാകാമെന്നാണ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി പറഞ്ഞത്. മേഖലയിലെ ശക്തികൾ സ്വയം നിയന്ത്രണം പാലിക്കാൻ തയ്യാറാകണമെന്ന് യൂറോപ്യൻ യൂണിയനും ചൈനയും ആഭ്യർത്ഥിച്ചിട്ടുണ്ട്.

ഇതിനിടെ 1991-ലെ ഗൾഫ് യുദ്ധത്തിന് ശേഷമുള്ള വൻ വിലയിലേക്ക് കുതിച്ചുയർന്ന എണ്ണ വില താഴേക്ക് വന്നിട്ടുണ്ട്. കരുതൽ ശേഖരം ഉപയോഗിക്കുമെന്ന അമേരിക്കയുടെ നിലപാടാണ് എണ്ണവിലയിലെ കുതിപ്പ് തടഞ്ഞത്.