പരസ്പര ബഹുമാനമുള്ള ബഹുധ്രുവ ലോകത്തിലേക്ക് മുന്നേറാം എന്നാണ് സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ്. ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

വാഷിം​ഗ്ടൺ: ഹോർമുസ് ഉപരോധം പൂർണമെന്ന് അവകാശ വാദവുമായി യുഎസ്. ഹോർമുസിലൂടെ ഒരു കപ്പൽ പോലും കടന്നുപോയില്ലെന്നാണ് യുഎസ് വാദം. യുഎസ് സെൻട്രൽ കമാൻഡിന്റേതാണ് വെളിപ്പെടുത്തൽ. ഇതിന് വേണ്ടി മാത്രം ഹോർമുസിൽ 10000 സൈനികരെ വിന്യസിച്ചതായും 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിൽ പങ്കാളികളായതായും അവകാശപ്പെട്ട യുഎസ് 6 കപ്പലുകളെ മടക്കി അയച്ചെന്നും വെളിപ്പടുത്തി. അതിനിടെ അമേരിക്കയ്ക്ക് സ്പാനിഷ് പ്രധാനമന്ത്രിയുടെ ഒളിയമ്പ്. പരസ്പര ബഹുമാനമുള്ള ബഹുധ്രുവ ലോകത്തിലേക്ക് മുന്നേറാം എന്നാണ് സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ്. ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം, ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം എന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. യുദ്ധം തുടങ്ങും മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണം എന്ന നിലപാട് ഇന്ത്യ ഫ്രാൻസുമായുള്ള ചർച്ചകളിൽ ആവർത്തിച്ചു. ഹോർമുസ് സ്വതന്ത്രമാക്കാനുള്ള നീക്കങ്ങളിൽ ഇന്ത്യയും ഫ്രാൻസും യോജിച്ചു നീങ്ങുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഫ്രാൻസിൽ എത്തി നടത്തിയ ചർച്ചകൾക്കു ശേഷമുള്ള പ്രസ്താവനയിൽ പറയുന്നു. എന്നാൽ സൈനിക നീക്കത്തിൽ ഇന്ത്യ പങ്കാളിയാകില്ലെന്ന നിലപാടിൽ മാറ്റമില്ല. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ കപ്പലുകൾ തടയില്ലെന്നാണ് അമേരിക്ക ഇന്ത്യയെ അറിയിച്ചത്. ഇറാനിൽ നിന്നുള്ള കപ്പലുകൾ അതേസമയം യുഎസ് തടയും. ഇറാനിൽ നിന്നുള്ള രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകൾ ഉപരോധത്തിനു മുമ്പ് ഇന്ത്യയിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ. ഹോർമുസിൽ ഇന്ത്യൻ കപ്പലുകളിൽ നിന്ന് ചുങ്കം പിരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മൊഹമ്മദ് ഫത്താലി അറിയിച്ചു.