ഫെഡറൽ കോടതികൾ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ മുകളിലല്ലെന്നും കോൺഗ്രസ് നൽകിയ അധികാരത്തിന് അനുസരിച്ച് കേസുകൾ പരിഹരിക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും ജസ്റ്റിസ് ആമി കോണി ബാരറ്റ് പറഞ്ഞു.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവ് തടയാൻ ഫെഡറൽ ജഡ്ജിമാർക്ക് അധികാരമില്ലെന്ന് യുഎസ് സുപ്രീംകോടതി. ചില കേസുകളില്‍ ഫെഡറൽ കോടതികളുടെ ഇടപെടൽ, യുഎസ് കോൺഗ്രസ് നൽകിയ അധികാരത്തിനും മുകളിലാണെന്നും കോടതി നിരീക്ഷിച്ചു. ജന്മാവകാശ പൗരത്വം റദ്ദാക്കി ട്രംപ് പുറപ്പെടുവിച്ച ഉത്തരവ് തടഞ്ഞതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് നിര്‍ണായക വിധി. വിധിയിൽ സന്തോഷമെന്നും മികച്ച തീരുമാനമെന്നും ട്രംപ് പ്രതികരിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വൻ നേട്ടമാകുന്നതാണ് സുപ്രീം കോടതി വിധി. ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം ഒപ്പിട്ട ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിനെ സംബന്ധിച്ചായിരുന്നു കേസ്. അതേസമയം ട്രംപിന്റെ ഉത്തരവിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് കോടതി പരാമർശിച്ചില്ല.
ഫെഡറൽ കോടതികൾ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ മുകളിലല്ലെന്നും കോൺഗ്രസ് നൽകിയ അധികാരത്തിന് അനുസരിച്ച് കേസുകൾ പരിഹരിക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും ജസ്റ്റിസ് ആമി കോണി ബാരറ്റ് പറഞ്ഞു. എക്സിക്യൂട്ടീവ് സംവിധാനം നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയാൽ പോലും, കോടതി അധികാര പരിധി ലംഘിക്കരുതെന്നും അഞ്ച് ജഡ്ജിമാർക്കൊപ്പമുള്ള വിധിന്യായത്തിൽ ബാരറ്റ് പറഞ്ഞു. എന്നാൽ, മൂന്നു ജസ്റ്റിസുമാർ ഈ അഭിപ്രായത്തോട് വിയോജിച്ചു.
സുപ്രീം കോടതി വിധി സന്തോഷം നൽകുന്നതാണെന്ന് ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ഭരണഘടനയ്ക്കും അധികാര വിഭജനത്തിനും നിയമവാഴ്ചയ്ക്കും ലഭിച്ച മഹത്തായ വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വിധിയെ സ്വാഗതം ചെയ്തു.
