വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും നിരോധനമേർപ്പെടുത്തിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിസകളും ഇതോടെ റദ്ദാക്കപ്പെടും. വ്യാപാരമുൾപ്പടെ റദ്ദാക്കപ്പെടുമെന്ന സൂചനകളാണ് ട്രംപിന്‍റെ പ്രസ്താവനയുള്ളത്. ചെറിയ ഇളവുകൾ നൽകിയിരിക്കുന്നത് ബ്രിട്ടന് മാത്രമാണ്. അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടിയ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രത്തോടുള്ള ട്രംപിന്‍റെ പ്രത്യേക പ്രസ്താവന. 

''യൂറോപ്പിൽ രോഗം പടർന്നു പിടിക്കാൻ കാരണം ചൈനയിൽ നിന്നുള്ള യാത്രക്കാരെ നിയന്ത്രിക്കാതിരുന്നതാണ്. അവിടെയാണല്ലോ കൊവിഡ് 19 രോഗം പൊട്ടിപ്പുറപ്പെട്ടത്'', എന്ന് ട്രംപ്. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തതാതെ വേറെ വഴിയില്ലാത്ത സാഹചര്യമാണെന്ന് ട്രംപ് വ്യക്തമാക്കി. 

ലോകാരോഗ്യസംഘടന കൊവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം. അതിവേഗം പടരുന്ന അസുഖം തടയുന്നതിൽ പലയിടത്തും ജാഗ്രതക്കുറവുണ്ടായെന്നും WHO നിരീക്ഷിച്ചിരുന്നു.

വാഷിംഗ്ടണിൽ ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ 10 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മേയർ മുറിയെൽ ബൗസർ പ്രഖ്യാപിച്ചു. 

അതേസമയം, അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ഒരു തരത്തിലും തടസ്സമുണ്ടാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. എന്നാൽ ഇതെത്രത്തോളം ന‍ടപ്പാകുമെന്നതിൽ വ്യക്തതയില്ല. 

തീർത്തും അപ്രതീക്ഷിതമായാണ് യൂറോപ്പിൽ കൊവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം കുത്തനെ കൂടിയത്. എന്നിട്ടും 460 കൊവിഡ് കേസുകൾ സ്ഥിരീകരിച്ച ബ്രിട്ടനെ തൽക്കാലം ഒഴിവാക്കുകയാണ് അമേരിക്ക. അമേരിക്ക മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിൽ പലതും കർശനമായ പരിശോധനകളും യാത്രാ നിയന്ത്രണങ്ങളും നടപ്പിലാക്കാൻ തീരുമാനിച്ചു.

രാജ്യത്തോടുള്ള അഭിസംബോധനയ്ക്ക് തൊട്ടുമുമ്പ്, ''അമേരിക്ക കൊറോണവൈറസ് പ്രതിരോധിക്കാനും തടയാനും കണ്ടെത്താനുമുള്ള ഒരു വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഒരു പോളിസി രൂപീകരിക്കും'', എന്നും ട്രംപ് ട്വീറ്റ് ചെയ്തു.

അതേസമയം, അമേരിക്കയിലെ നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ നിലവിലെ സീസണിലെ എല്ലാ കളികളും റദ്ദാക്കാൻ തീരുമാനിച്ചു. ഉട്ടയിൽ നിന്നുള്ള ഒരു കളിക്കാരന് രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. 

ലോകത്തെമ്പാടും കൊറോണവൈറസ് അഥവാ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1,24,000 ആയി ഉയർന്നിരുന്നു. 4500 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ചൈനയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം കുത്തനെ കൂടിയ രാജ്യങ്ങൾ ഇറാനും ഇറ്റലിയുമാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക