പുതിയ തീരുവകൾ വഴി അമേരിക്കയ്ക്ക് പ്രതിമാസം 50 ബില്യൺ ഡോളർ വരുമാന വർദ്ധനവ് പ്രതീക്ഷിക്കുന്നു.
വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവകൾ വഴി വരുമാനം വർധന പ്രതീക്ഷിക്കുന്നതായി അമേരിക്ക. പ്രതിമാസം 50 ബില്യൺ ഡോളറിന്റെ വരുമാനമാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്നിക് അറിയിച്ചു. കഴിഞ്ഞ മാസത്തെ തീരുവ വരുമാനം 30 ബില്യൺ ഡോളറായിരുന്നു. ഏപ്രിലിന് ശേഷം 100 ബില്യൺ ഡോളറിലധികം വരുമാനം ലഭിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വരുമാന വർധനവ് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷാനടപടിയായി ഇന്ത്യയുടെ കയറ്റുമതിക്ക് വീണ്ടും 25 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള മൊത്തം താരിഫ് 50 ശതമാനമായി ഉയർന്നിരുന്നു. നടപടിയെ ശക്തമായി എതിർത്ത് ഇന്ത്യ രംഗത്തെത്തിയിരുന്നു. "അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും" എന്നാണ് വിദേശകാര്യ മന്ത്രാലയം ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്.
140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ ഇറക്കുമതി എന്നും, മറ്റ് രാജ്യങ്ങളും തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾക്കായി സമാനമായ നടപടികൾ എടുക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇത് വഴി ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം.
