ഇന്ത്യൻ വംശജയായ കമല ഹാരിസിന്‍റെ വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് തമിഴ്നാട്ടിലെ തുളസേന്ദ്രപുരമെന്ന കൊച്ചുഗ്രാമമായിരിക്കും. പത്തൊമ്പതാം വയസ്സില്‍ അമേരിക്കയിലേക്ക് ചേക്കേറിയ ശ്യാമള ഗോപാലന്‍റെ മകള്‍, ഇന്ന് ലോകത്തിന്‍റെ നെറുകയിലെത്തി നില്‍ക്കുകയാണ്. അന്നത്തെ യാഥാസ്ഥിതികമായ ചുറ്റുപാടില്‍, ഒരു കറുത്ത വർഗക്കാരന്‍റെ മകള്‍ക്ക് ജന്മം നല്‍കിയ ശ്യാമള ഗോപാലന് അനുഭവിക്കേണ്ടി വന്ന സമ്മർദ്ദങ്ങള്‍ ചെറുതൊന്നുമല്ല. എന്നാല്‍ ഇന്ന് കമലയുടെ വിജയത്തോടെ, എല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്.

വർണ വിവേചനത്തിന്‍റെ വിഷമങ്ങള്‍ വളരെ ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്നയാളാണ് കമലാ ഹാരിസ്. 1964 ല്‍ ഓക് ലൻഡിലായിരുന്നു ജനനം. അമ്മ തമിഴ് നാട്ടുകാരിയായ ശ്യാമള ഗോപാലൻ. അച്ഛൻ ജമൈക്കൻ പൗരനായ ഡോണള്‍ഡ് ജെ ഹാരിസ്. കമലയ്ക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അവർ വേർപിരിയുകയും ചെയ്തു. കറുപ്പെന്നും വെളുപ്പെന്നുമുള്ള കണ്ണികളില്‍ മാത്രം മനുഷ്യരെ ഒതുക്കി നിർത്തിയിരുന്ന അമേരിക്കൻ സമൂഹത്തില്‍, കമല നയിച്ച പോരാട്ടം ചെറുതല്ല. 

ഹൊവഡ് സർവകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ കമല, തൊണ്ണൂറുകളില്‍ കറുത്ത വർഗക്കാരുടെയും അഭയാർത്ഥികളുടെയും അവകാശങ്ങള്‍ക്കായി പോരാടി. 2010 ല്‍ കാലിഫോർണിയയുടെ അറ്റോർണി ജനറലായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആഫ്രിക്കൻ അമേരിക്കൻ വംശജയുമായിരുന്നു കമല. ഗാർഹിക പീഡനം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവയ്ക്കെതിരെയും ശക്തമായി നിലപാടുകളിലൂടെ, നിയമരംഗത്ത് കമല ശ്രദ്ധനേടി. 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റണ്‍ തോറ്റപ്പോള്‍, കാലിഫോർണിയയില്‍ നിന്നും സെനറ്റിലെത്തിയ കമല അവിടെയും ചരിത്രം കുറിച്ചു.

2019 ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി. അമ്മയോടൊപ്പമുള്ള കുട്ടിക്കാലചിത്രം പങ്കുവെച്ചായിരുന്നു പ്രചാരണത്തിന് തുടക്കം. എന്നാല്‍ അറ്റോർണി ജനറലായിരിക്കെ എടുത്ത ചില തീരുമാനങ്ങളുടെ പേരില്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ ഉള്ളില്‍ നിന്നും എതിർപ്പുയർന്നതോടെ കമല മത്സരത്തില്‍ നിന്ന് പിന്മാറി. പിന്നീട് അപ്രതീക്ഷിതമായി ജോ ബൈഡനൊപ്പം മത്സരരംഗത്തേക്ക് ഇറങ്ങുന്ന കമലയെയാണ് ലോകം കണ്ടത്. 

കമലയിലൂടെ ഇന്ത്യൻ വംശജരുടെയും ആഫ്രോ അമേരിക്കൻ വംശജരുടെയും വോട്ടുകളാണ് ഡെമോക്രാറ്റുകള്‍ ലക്ഷ്യമിട്ടത്. അത് ഫലം കാണുകയും ചെയ്തു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ രൂക്ഷമായ ഭാഷയിലാണ് ട്രംപ് കമലയെ കടന്നാക്രമിച്ചിരുന്നത്. എല്ലാം അതിജീവിച്ചാണ് കമല ഇപ്പോള്‍ ചരിത്രമെഴുതിയിരിക്കുന്നത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര ബന്ധത്തില്‍ കമലയുടെ സാന്നിധ്യം ഏറെ നിർണായകമാണ്.

അഭിഭാഷകനായ ഡഗ്സസ് എംഹോഫാണ് കമലയുടെ ഭർത്താവ്. എംഹോഫിന്‍റെ രണ്ട് മക്കളുടെ രണ്ടാനമ്മയാണ് കമല. മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സഹോദരി മായ ലക്ഷ്മി ഹാരിസ് യുഎസില്‍ അഭിഭാഷകയാണ്. 2009ല്‍ അമ്മ ശ്യാമള ഹാരിസ് മരിച്ചപ്പോള്‍ ചിതാഭസ്മവുമായി ചെന്നൈയില്‍ എത്തിയിരുന്നു. കമലയുടെ മുത്തച്ചൻ പിവി ഗോപാലന്‍റെ നാടാണ് തുളസേന്ദ്രപുരം. കമലയുടെ അമ്മയുടെ ജനനം തുളസേന്ദ്രപുരത്താണെങ്കിലും, കമലയുടെ വേരുകളുള്ളത് ഈ ഗ്രാമത്തിലാണ്. തന്‍റെ ജീവിതത്തില്‍ മുത്തച്ഛൻ ചെലുത്തിയ സ്വാധീനത്തെ കുറിച്ച്, പല വേദികളിലും കമലാ ഹാരിസ് പ്രസംഗിച്ചിട്ടുണ്ട്. തന്‍റെ അമ്മയെയും മുത്തശ്ശിയെയും പോലെയുള്ള കരുത്തരായ സ്ത്രീകളാണ്, പൊതുരംഗത്ത് പ്രവർത്തിക്കാൻ തനിക്ക് പ്രേരണയായിട്ടുള്ളതെന്ന് കമല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.