വാഷിം​ഗ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് കൊവിഡ് ബാധയില്ലെന്നും ക്വാറന്റൈനിൽ കഴിയുകയാണെന്ന വാര്‍ത്ത തെറ്റാണെന്നും വെളിപ്പെടുത്തലുമായി ഔദ്യോ​ഗിക വക്താവ്. പെൻസിന്റെ കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണെന്നും വക്താവ് അറിയിച്ചു. മൈക്ക് പെൻസിന്റെ  പ്രെസ് സെക്രട്ടറി കാറ്റി മില്ലർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരുന്നു. മൈക്ക് പെൻസ് സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിനെ തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി വക്താവ് ഡെവിൻ ഓമെല്ലി രം​ഗത്ത് വന്നത്.  

വൈറ്റ് ഹൗസിലെ മെഡിക്കൽ യൂണിറ്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും ഓമെല്ലി കൂട്ടിച്ചേർത്തു. എല്ലാ ദിവസവും നടത്തുന്ന പരിശോധനയിൽ ഫലം നെ​ഗറ്റീവാണ്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.  കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിവരികയാണ്. ട്രംപും മൈക്ക് പെന്‍സും ജീവനക്കാരും ദിവസവും കോവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനം തടയാനുളള മാര്‍ഗങ്ങള്‍ അമേരിക്കയില്‍ പുരോഗമിക്കുകയാണ്.