ഇതിനിടെ ലളിത് മോദി ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യാൻ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ അപേക്ഷ നൽകിയിരുന്നു
ദില്ലി: സാമ്പത്തിക കുറ്റകൃത്യകേസില്‍ അന്വേഷണം നേരിട്ടതോടെ ഇന്ത്യ വിട്ട ഐപിഎല്‍ മുന്‍ മേധാവി ലളിത് മോദിയുടെ പൗരത്വം റദ്ദാക്കാൻ ദ്വീപ് രാഷ്ട്രമായ വനുവാറ്റു. പ്രധാനമന്ത്രി ജോതം നപാറ്റ് നിർദേശം നൽകി. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളിൽ ലളിത് മോദിയുടെ ലക്ഷ്യം എന്തെന്ന് വ്യക്തമായെന്ന് ജോതം നപാറ്റ് പറഞ്ഞു. നടപടികളിൽനിന്നും ഒഴിവാകാനായി വനുവാറ്റു പൗരത്വം നൽകാനാവില്ലെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചു.
മുൻ ഐപിഎൽ മേധാവി ലീഗിന്‍റെ തലപ്പത്തിരുന്ന കാലത്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിനാൽ ഇന്ത്യൻ ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നുള്ള സമീപകാല അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജോതം നപാറ്റിന്‍റെ നടപടി. 'ലളിത് മോദിയുടെ വനുവാറ്റു പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ പൗരത്വ കമ്മീഷന് ഞാൻ നിർദ്ദേശം നൽകി' - പ്രധാനമന്ത്രി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ലളിത് മോദിയുടെ അപേക്ഷയിൽ ഇന്‍റർപോൾ സ്‌ക്രീനിംഗുകൾ ഉൾപ്പെടെയുള്ള പശ്ചാത്തല പരിശോധനകൾ നടത്തിയിരുന്നു. എന്നാല്‍, പൗരത്വം നല്‍കാതിരിക്കാനുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ ലളിത് മോദി ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്യാൻ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ അപേക്ഷ നൽകിയതായി വിവരം ലഭിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
