കാരെലിസിന്റെ കുടുംബത്തിലെ 12 അംഗങ്ങളെയാണ് ഭൂകമ്പത്തെ തുടര്‍ന്ന് കാണാതായത്. ഇതില്‍ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ബാക്കിയുള്ള ഒന്‍പത് പേര്‍ക്കായി ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്.

കാരക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ തീരാവേദനയായി ഒരു യുവതിയുടെ കണ്ണീര്‍ച്ചിത്രങ്ങള്‍ പുറത്ത്. ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത സ്വന്തം സഹോദരന്റെ മൃതദേഹം തിരിച്ചറിയാന്‍ കിലോമീറ്ററുകളോളം ബസ് യാത്ര ചെയ്ത് തലസ്ഥാനമായ കാരക്കാസിലെ മോര്‍ച്ചറിയില്‍ എത്തിയ കാരെലിസ് ഡി വുവെന്റ എന്ന യുവതിയുടെ ദുരന്തകഥ സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭൂകമ്പം ഉണ്ടായ ആദ്യ രാത്രിയില്‍ തന്നെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് കാരെലിസിന്റെ 22 വയസ്സുകാരനായ സഹോദരനെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിരുന്നു. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് ചൊവ്വാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി. സാന്‍ ഫെലിക്‌സ് നഗരത്തില്‍നിന്ന് ഒരു ദിവസം മുഴുവന്‍ നീണ്ട ബസ് യാത്രയ്ക്ക് ഒടുവിലാണ് കാരെലിസ് കാരക്കാസിലെ മോര്‍ച്ചറിയില്‍ എത്തിയത്.

'അവന്റെ കഴുത്തിലെ ടാറ്റൂ കണ്ടാണ് ഞാന്‍ അവനെ തിരിച്ചറിഞ്ഞത്. ഞാന്‍ തളര്‍ന്നു. കുടുംബത്തിലെ മറ്റ് ചില അംഗങ്ങളും ഈ ദുരന്തത്തില്‍ മരണപ്പെട്ടിട്ടുണ്ട്.' വിങ്ങിപ്പൊട്ടിക്കൊണ്ട് കാരെലിസ് പറഞ്ഞു.

കാരെലിസിന്റെ കുടുംബത്തിലെ 12 അംഗങ്ങളെയാണ് ഭൂകമ്പത്തെ തുടര്‍ന്ന് കാണാതായത്. ഇതില്‍ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ബാക്കിയുള്ള ഒന്‍പത് പേര്‍ക്കായി ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. അനിയന്റെ മൃതദേഹവും കാത്ത് മോര്‍ച്ചറിക്ക് പുറത്ത് നില്‍ക്കുമ്പോഴും, ഈ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോകാനോ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താനോ ഉള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാത്ത ദയനീയ അവസ്ഥയിലാണ് സഹോദരി.

കഴിഞ്ഞ ആഴ്ച വെനസ്വേലയിലുണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളില്‍രണ്ടായിരത്തിലധികം ആളുകള്‍ മരണപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഔദ്യോഗിക വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.