ഏഷ്യാ പസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും വ്യാപാര കരാറിൽ വൈകാതെ തന്നെ അന്തിമ ധാരണയിലെത്തുമെന്നും വൈറ്റ് ഹൗസ്
ന്യൂയോര്‍ക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാര്‍ അധികം വൈകാതെ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനും ഇടയിൽ ശക്തമായ ബന്ധമുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവയിൽ രാഷ്ട്രീയ തീരുമാനം വേണമെന്നാണ് റിപ്പോര്‍ട്ട്.
വാഹന നികുതി കുറയ്ക്കണെന്ന അമേരിക്കയുടെ നിര്‍ദേശത്തിലും ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ഇന്ത്യയുമായി വലിയ വ്യാപാര കരാര്‍ ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
ഏഷ്യാ പസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സഖ്യകക്ഷിയാണ് ഇന്ത്യയെന്നും വ്യാപാര കരാറിൽ വൈകാതെ തന്നെ അന്തിമ ധാരണയിലെത്തുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ട്രംപും മോദിയും തമ്മിൽ നല്ല ബന്ധമാണെന്നും അത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും കരോലിൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച പ്രസിഡന്‍റ് ട്രംപ് പറഞ്ഞത് ശരിയാണെന്നും ഇന്ത്യയുമായുള്ള വ്യാപാരകരാറുമായി ബന്ധപ്പെട്ട് സെക്രട്ടറി ഓഫ് കൊമേഴ്സുമായി സംസാരിച്ചുവെന്നും കരാറിന് അന്തിമ രൂപം നൽകികൊണ്ടിരിക്കുകയാണെന്നും കരോലിൻ ലിവിറ്റ് പറഞ്ഞു. ഏഷ്യാ പസഫിക് മേഖലയിൽ ചൈന സാമ്പത്തികമായും സൈനികപരമായും പിടിമുറുക്കുന്നതിന് ബദലായി അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്കിടെയാണ് ഇന്ത്യയുമായി ശക്തമായ ബന്ധം തുടരുമെന്ന വൈറ്റ് ഹൗസിന്‍റെ പ്രഖ്യാപനം വരുന്നത്. വ്യാപാര കരാര്‍ എപ്പോള്‍ ഉണ്ടാകുമെന്നോ സമയപരിധിയെക്കുറിച്ചോ വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടില്ല.


