കാനഡ: മൂന്ന് വർഷങ്ങൾക്ക് ശേഷം പരസ്പരം കാണുന്ന സിറിയൻ അഭയാർത്ഥികളായ അമ്മയുടേയും മകന്റെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ‌ ഇപ്പോൾ വൈറലാകുന്നത്. കാനഡയിലെ ഒരു വിമാനത്താവളത്തിലാണ് സംഭവം. മകനുവേണ്ടി ആകാംക്ഷയോടെ കാത്തുനിന്ന അമ്മ മകനെ കണ്ട ശേഷം അവനരികിലെത്തുകയും കെട്ടിപ്പിടിച്ച് കരയുകയും ചെയ്യുന്ന വീഡിയോ നിറകണ്ണുകളോടെയല്ലാതെ കാണാൻ കഴിയില്ല.

വിമാനത്താവളത്തിലെ എസ്കലേറ്ററിൽ മകൻ ഇറങ്ങിവരുന്നതും നോക്കി നിൽക്കുകയാണ് അമ്മയും മറ്റ് കുടുംബാം​ഗങ്ങളും. മകൻ എസ്കലേറ്ററിൽ നിന്ന് ഇറങ്ങി വരുന്നത് വരെ കാത്തുനിൽക്കാനുള്ള ക്ഷമ ആ അമ്മയ്ക്ക് ഇല്ലെന്ന് വീഡിയോയിൽ വ്യക്തമാണ്. എസ്ക​ലേറ്ററിൽ നിന്നിറങ്ങിയ യുവാവ് തന്റെ കയ്യിലിരുന്ന കുഞ്ഞിനെ നിലത്തുവച്ച് അമ്മയെ വാരിപ്പുണരുകയായിരുന്നു. പരസ്പരം കണ്ട സന്തോഷത്തിൽ ഇരുവരും കരയുകയും പ്രാർത്ഥിക്കുകയും ആലിം​ഗനം ചെയ്യുകയും ചെയ്യുകയായിരുന്നു. ബഹുമാനമെന്നോണം അമ്മയുടെ കാലും മകൻ പിടിക്കുന്നുണ്ട്. തുടർന്ന് തറയിലിരുന്ന് ഇരുവരും തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നതും വീഡിയോയിൽ കാണാം.

'സ്റ്റാൻസ് ഗ്രൗണ്ടഡ്' എന്ന പ്രൊഫൈലാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കണ്ണീരണിയിക്കുന്ന അമ്മയുടെയും മകന്റെയും വീഡിയോ ഇതിനോടകം രണ്ട് ലക്ഷം പേരാണ് കണ്ടത്. സിറിയയിൽനിന്നും കാനഡയിൽ അഭയാർത്ഥിയായി എത്തിയതാണ് സ്ത്രീയും കുടുംബവുമെന്ന് ദൃശ്യങ്ങൾ പങ്കുവച്ചയാൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. അഭയാർത്ഥിയായി അംഗീകരിക്കപ്പെട്ടശേഷം മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് യുവാവ് അമ്മയെ കാണുന്നതെന്നും 'സ്റ്റാൻസ് ഗ്രൗണ്ടഡ്' പോസ്റ്റിൽ കുറിച്ചു.