Asianet News MalayalamAsianet News Malayalam

വിജയ് മല്യക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറാനുളള നീക്കത്തിനെതിരെ നൽകിയ അപ്പീൽ യുകെ കോടതി തളളി

വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുകൊടുക്കുന്നതിന് സിബിഐയും എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും മുന്നോട്ട് വെച്ച വാദങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ്. 

Vijay Mallyas petition against uk extradition to india court rejected
Author
UK, First Published Apr 21, 2020, 6:35 AM IST

ദില്ലി: ഇന്ത്യയ്ക്ക് കൈമാറണമെന്ന ഉത്തവിനെതിരെ വിജയ് മല്യ നല്‍കിയ അപ്പീല്‍ യുകെ ഹൈക്കോടതി തള്ളി. മല്യയെ കൈമാറുന്ന കാര്യത്തില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഇനി തീരുമാനമെടുക്കും.

കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത 9000 കോടി തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്നാണ് വിജയ് മല്ല്യയ്ക്കെതിരായ കേസ്. കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിട്ടത്. മല്യ കുറ്റക്കാരനെന്ന പ്രാഥമിക നിഗമനത്തോടെയായിരുന്നു ഉത്തരവ്. 

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഉത്തരവ് അംഗീകരിച്ച് ഒപ്പുവച്ചെങ്കിലും മല്യ അപ്പീലുമായി ഹൈക്കോടതിയിലെത്തി. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയായിരുന്നു രണ്ടംഗ ബഞ്ച് വാദം കേട്ടത്. വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുകൊടുക്കുന്നതിന് സിബിഐയും എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റും മുന്നോട്ട് വെച്ച വാദങ്ങളില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ്. 

പതിനാല് ദിവസത്തിനകം മല്യക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അതിന് ശേഷമേ കൈമാറ്റ കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്നാണ് യുകെയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജാമ്യത്തിലാണ് വിജയ് മല്യ. 2016 മാ‍ർച്ചിലാണ് രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്ല്യ ലണ്ടനിലേക്ക് കടന്നത്.

Follow Us:
Download App:
  • android
  • ios