ഫോണിൽ സംസാരിക്കുന്നതിനിടെ പ്ലാറ്റ്ഫോം അവസാനിച്ചതറിയാതെ നടന്നുനീങ്ങിയ യുവതി ട്രെയിനിന് മുന്നിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 

സ്പെയ്ൻ: ശ്രദ്ധയില്ലാതെ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് മൂലം ദിനംപ്രതി നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. റോഡ് മുറിച്ച് കടക്കുമ്പോഴും ട്രെയിനിലും വാഹനത്തിലും സഞ്ചരിക്കുമ്പോഴെല്ലാം അശ്രദ്ധയോടെ മൊബൈൽ ഫോൺ ഉപയോ​ഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ളൊരു വീഡിയോയാണ് സ്‌പെയിനിലെ മാഡ്രിഡില്‍ നിന്ന് പുറത്തുവരുന്നത്.

മാഡ്രിഡിലെ ഇസ്റ്റര്‍കോ സ്‌റ്റേഷനിലാണ് സംഭവം. മൊബൈലില്‍ നോക്കി ട്രെയിന്‍ വരുന്നത് പോലും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്ന യുവതി കാല്‍വഴുതി പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിലേയ്ക്കു വീഴുകയായിരുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ പ്ലാറ്റ്ഫോം അവസാനിച്ചതറിയാതെ നടന്നുനീങ്ങിയ യുവതി ട്രെയിനിന് മുന്നിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Scroll to load tweet…

യുവതി വീണതിന് പിന്നാലെ പ്ലാറ്റ്ഫോമിലുണ്ടായിരുന്നവർ ഓടികൂടുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ, ട്രാക്കിലേക്ക് വീണ യുവതിക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമാകുന്നതിന് മുമ്പ് വീഡിയോ അവസാനിക്കുകയായിരുന്നു. ഒക്ടോബർ 24ന് മെട്രോ ഡി മാഡ്രിഡിന്റെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'നിങ്ങളുടെ സുരക്ഷയ്ക്ക് പ്ലാറ്റ്‌ഫോമില്‍ കൂടി തനിച്ചു നടക്കുമ്പോള്‍ മൊബൈലില്‍ നിന്നു തലയുയര്‍ത്തി നടക്കുക' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 32000 പേരാണ് ഇതുവരെ വീഡിയോ കണ്ടത്. അതേസമയം, യുവതി ​ഗുരുതരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചിട്ടുണ്ട്.