ജൂലൈ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്ത്ഹാമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. നീക്കത്തിന് വര്‍ഗനീതിക്കായുള്ള അഭിഭാഷകരുടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. 

വിര്‍ജീനിയ: പ്രായപൂര്‍ത്തിയായവരിലെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി വിര്‍ജീനിയ. അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് വിര്‍ജീനിയ. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ബില്ലിന് അംഗീകാരമായത്. ജൂലൈ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്ത്ഹാമാണ് ബില്ലിന് അംഗീകാരം നല്‍കിയത്. നീക്കത്തിന് വര്‍ഗനീതിക്കായുള്ള അഭിഭാഷകരുടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.

ബില്ലിന് അടിയന്തരമായി പരഗണിക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ നിയമങ്ങള്‍ വര്‍ഗീയ തലത്തില്‍ ആളുകളെ ടാര്‍ഗെറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നാണ് ഡെമോക്രാറ്റ്സ് വിശദമാക്കുന്നത്. നേരത്തെ 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം ന്യൂയോര്‍ക്ക് നിയമാനുസൃതമാക്കിയിരുന്നു. വിനോദത്തിനായി പൊതുവിടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ ഒപ്പുവച്ചത്. 21 വയസിന് താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ബില്ല് വ്യക്തമാക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരമാവുന്നത്. കാലിഫോര്‍ണിയയും വിനോദ ആവശ്യത്തിലേക്കായുള്ള കഞ്ചാവിന്‍റെ ഉപയോഗം നിയമ വിധേയമാക്കിയിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് തൊഴിലിടങ്ങളിലും വീടുകളിലും കുടുംബ കോടതിയിലും വിദ്യാലയങ്ങളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലും സംരക്ഷണം നല്‍കുന്നതാണ് നിയമം. കഞ്ചാവിന്‍റെ മണം വന്നുവെന്നതുകൊണ്ട് ഒരാളുടെ കാറ് പരിശോധിക്കുന്നതില്‍ നിന്നും നിയമം സംരക്ഷണം നല്‍കുന്നുണ്ട്.