അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉത്തരകൊറിയയെ പിന്തുണക്കുമെന്ന് റഷ്യ ഉറപ്പുനല്‍കി. 

മോസ്കോ: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുട്ടിനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ച അവസാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി. ചര്‍ച്ച ഫലം പ്രദമായിരുന്നെന്ന് ഇരു നേതാക്കളും പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉത്തരകൊറിയയെ പിന്തുണക്കുമെന്ന് റഷ്യ ഉറപ്പുനല്‍കി. മതിയായ സുരക്ഷ ഉറപ്പു നല്‍കാമെങ്കില്‍ ആണവ നിരായുധീകരണത്തിന് തയാറാണെന്ന് ഉത്തരകൊറിയ ഉറപ്പു നല്‍കി. പ്രശ്നപരിഹാരത്തിനായി സിക്സ് പാര്‍ട്ടി ചര്‍ച്ച പുനരാരംഭിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. 

ചര്‍ച്ച ഫലപ്രദമായെന്നും നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായെന്നും ഇരുവരും ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള ബന്ധവും ചര്‍ച്ച ചെയ്തെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പുടിന്‍ പറഞ്ഞു. 
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തേക്കും ദൃഢമാകാന്‍ ചര്‍ച്ച സഹായിച്ചെന്ന് കിം പറഞ്ഞു. റഷ്യന്‍ ഉദ്യോഗസ്ഥരെ കിം ആശംസ അറിയിച്ചു.

അമേരിക്കയുമായി ഉന്‍ നടത്തിയ ഫെബ്രുവരിയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും മൂന്നാം ചര്‍ച്ച മുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പിന്തുണ തേടി റഷ്യയുമായി ചര്‍ച്ച നടത്തിയത്. തീരനഗരമായ വ്ലാദിവോസ്ടോകാണ് കൂടിക്കാഴ്ച്ചക്ക് വേദിയായത്. ഹാനോയ് ചര്‍ച്ച മുടങ്ങാന്‍ കാരണം യുഎസ് സെക്രട്ടറി മൈക് പോംപിയോയുടെ നിലപാടാണെന്ന് ഉത്തരകൊറിയ അറിയിച്ചിരുന്നു. ഇനി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കണമെങ്കില്‍ മൈക് പോംപിയോയെ ഉള്‍പ്പെടുത്തരുതെന്നും ഉന്‍ ആവശ്യപ്പെട്ടിരുന്നു. 

ആണവവിഷയങ്ങളിലടക്കമുള്ള കാര്യങ്ങളില്‍ ഉത്തരകൊറിയയുടെ നിലപാടിന് റഷ്യന്‍ പിന്തുണ ഉറപ്പാക്കുകയാണ് ഉന്‍ ലക്ഷ്യമിടുന്നത്. ഉത്തരകൊറിയയുടെ സാമ്പത്തിക ഭാവി യുഎസിനെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്ന് തെളിയിക്കുകയുമായിരുന്നു ഉന്‍. ഉപരോധങ്ങള്‍ നീക്കിക്കിട്ടാന്‍ റഷ്യയില്‍ സമ്മര്‍ദ്ദം ചെലുത്താനും ഉന്നിന് സാധിച്ചു. ചര്‍ച്ചയിലൂടെ കൊറിയന്‍ പെനിന്‍സുലയില്‍ തങ്ങള്‍ക്കും നിര്‍ണായക റോളുണ്ടെന്ന് റഷ്യ തെളിയിച്ചു.