ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. 

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിലേയ്ക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നത്. ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെ അടിയന്തര ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഫോണിൽ സംസാരിച്ചെന്ന് റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സ്ഥിരീകരിച്ചു. വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും. എന്നാൽ എന്നാകും പുടിന്‍റെ ഇന്ത്യ സന്ദർശനമെന്ന കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകും.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പുടിൻ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഹീനമായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവര്‍ത്തിച്ച കുറ്റവാളികളെയും ഇതിനെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

നേരത്തെ, രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുൻകൂട്ടി നിശ്ചയിച്ചിരുന്ന റഷ്യൻ സന്ദർശനം ഒഴിവാക്കിയിരുന്നു. മെയ് 9ലെ വിക്ടറി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയ്ക്ക് റഷ്യയിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിയെ റഷ്യ തോൽപിച്ചതിൻറെ എൺപതാം വാർഷികാഘോഷത്തിൽ നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥിയാകേണ്ടിയിരുന്നത്. 

മെയ് 8-9 തീയതികളിൽ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് റഷ്യ സന്ദർശിച്ചിരുന്നു. റഷ്യയുടെ വിക്ടറി ഡേ ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുത്തു. രണ്ടാം ലോക മഹായുദ്ധത്തിൽ (1941-45) സോവിയറ്റ് ജനത നേടിയ വിജയത്തിന്റെ 80-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി മെയ് 9ന് മോസ്കോയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. സഞ്ജയ് സേത്ത് റഷ്യൻ പ്രസിഡന്റിനെ സന്ദർശിക്കുകയും 80-ാമത് വിക്ടറി ഡേയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ നൽകുന്ന പിന്തുണയ്ക്ക് റഷ്യയിലെ സർക്കാരിനും ജനങ്ങൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.