ഭീകരതക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാൽ, പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നുവെന്നും സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
ദില്ലി: ഓപ്പറേഷൻ സിന്ദൂരിലൂടെ തീവ്രവാദികള്‍ക്കെതിരായാണ് ഇന്ത്യയുടെ യുദ്ധം എന്ന് വ്യക്തമാക്കിയതാണെന്നും ഇതിൽ പാക് സൈന്യം ഇടപെടുകയാണ് ചെയ്തെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭീകരതക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. എന്നാൽ, പാക് സൈനികര്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നു. പോരാട്ടം ഭീകരർക്കെതിരെ മാത്രമായിരുന്നു.
ഭീകരരർക്ക് ഒപ്പം നിൽക്കണമെന്നും അത് പാകിസ്ഥാനെതിരെയുള്ള യുദ്ധമാണെന്നും പാക് സൈന്യം തീരുമാനിച്ചു. ഇതോടെയാണ് ഇന്ത്യ പാക് സൈന്യത്തിന് ശക്തമായ മറുപടി നൽകിയത്. ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. പാകിസ്ഥാന്‍റെ ചൈനീസ് നിര്‍മിത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല. അവയുടെ അവശിഷ്ടം നമ്മുടെ കൈവശമുണ്ട്. തകര്‍ന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു.എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തത്.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് മതിൽ പോലെ പ്രവര്‍ത്തിച്ചു
നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് മതിൽ പോലെ പ്രവർത്തിച്ചുവെന്നും അതിനെ തകർക്കാൻ പാക് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങൾ തകർത്തു. മൂന്ന് സേനകളും ഒരുമിച്ചാണ് വ്യോമാക്രമണങ്ങളെ സംയുക്തമായി പാകിസ്ഥാൻ ആക്രമണത്തെ പ്രതിരോധിച്ചത്. പല തലങ്ങളിലുള്ള എയർ ഡിഫൻസ് സംവിധാനങ്ങൾ ഉപയോഗിച്ചു.ആകാശ് സിസ്റ്റം ഇന്ത്യ ഉപയോഗിച്ചു. ഹാർഡ് കിൽ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകർത്തു. ലോ ലെവൽ എയർ ഡിഫൻസ് തോക്കുകൾ, ഷോൾഡർ ഫയേഡ് മാൻ പാഡ്‍സ്, ഹ്രസ്വ ദൂര സർഫസ് ടു എയർ മിസൈലുകള്‍ എന്നിവ ഉപയോഗിച്ചു. ലോങ്ങ് റേഞ്ച് റോക്കറ്റുകൾ തകർത്തു.
പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല
ചൈനീസ് നിർമിത ആയുധങ്ങൾ പാകിസ്ഥാൻ ഉപയോഗിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയെ ആക്രമിക്കാൻ ചൈനീസ് നിർമിത പിഎൽ 15 മിസൈൽ ഉപയോഗിച്ചതിന്‍റെ തെളിവുകള്‍ കൈവശമുണ്ട്. എന്നാൽ, പി എൽ 15 മിസൈലിന് ലക്ഷ്യം കാണാനായില്ല. അതിന് മുമ്പെ ആക്രമിച്ച് തകർത്തു.ദീർഘദൂര മിസൈലുകൾ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രയോഗിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങളും സൈന്യം പുറത്തുവിട്ടു. തുര്‍ക്കി നിര്‍മിത യീഹാ സിസ്റ്റം എന്ന ആളില്ലാ ചെറുവിമാനങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തു. ക്വാഡ് കോപ്റ്ററുകൾ അടക്കമുള്ളവയും വ്യോമസേനയ്കക്ക് ആക്രമിച്ച് തകർക്കാനായി.നമ്മുടെ എയർ ഫീൽഡുകൾ സുരക്ഷിതമാണെന്നും സൈന്യം വ്യക്തമാക്കി
നിരവധി ഡ്രോണുകളും ആളില്ലാ ചെറു സായുധ വിമാനങ്ങളും പാകിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചു. ഇവയെല്ലാം അമേരിക്കൻ നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ തകർത്തു. സോഫ്റ്റ് ആന്‍ഡ് ഹാർഡ് കിൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. കേന്ദ്രീകൃതമായ എയർ കമാൻഡ് ആന്‍ഡ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാണ് പാക് വ്യോമാക്രമണത്തെ ചെറുത്തത്.
ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാനിലെ സ്ഥലങ്ങള്‍, കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരണം
പാകിസ്ഥാനിലെ നൂര്‍ഖാൻ വിമാനത്താവളം തകര്‍ത്തു. അതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴിയാണ് ഞങ്ങൾക്കും കിട്ടിയത്. പാക് ആക്രമണത്തിൽ വളരെ കുറച്ചു നഷ്ടങ്ങൾ മാത്രമാണ് നമ്മുടെ ഭാഗത്തു ഉണ്ടായത്. പിച്ചോര, ദോസ എകെ, എൽഎൽഎഡി ഗൺസ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പാക് ആക്രമണത്തെ തകർത്തു. കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത്. തദ്ദേശീയമായി നിർമിച്ച ആകാശ് സംവിധാനവും വിജയകരമായി സേനക്ക് ഉപയോഗിക്കാൻ കഴിഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിന് ഒരു പശ്ചാത്തലമുണ്ട്, സൈന്യത്തെ പിന്തുണച്ചതിന് സര്‍ക്കാരിനും ജനങ്ങള്‍ക്കും നന്ദി
ഓപ്പറേഷൻ സിന്ദൂരന്‍റെ ആധിപത്യത്തിൽ മൂന്ന് സേനകളുടെയും യോജിച്ച പങ്കാളിത്തമുണ്ട്. ഓപ്പറേഷൻ സിന്ദൂരിന് ഒരു പശ്ചാത്തലമുണ്ട്. ഭീകരരുടെ ആക്രമണരീതികളിൽ മാറ്റം വരുന്നു. അവർ ജനവാസമേഖലകളെയും തീർത്ഥാടകരെപ്പോലും ആക്രമിക്കുകയാണ്. അവർ സൈന്യത്തെ മാത്രമല്ല, നിരായുധരായ സാധാരണക്കാരെയും ലക്ഷ്യമിടുകയാണ്. അതിനാലാണ് ഇത്തരമൊരു ആക്രമണത്തിന് സൈന്യം തീരുമാനമെടുത്തത്. സൈന്യത്തെ പിന്തുണച്ചതിന് സർക്കാരിനും ജനങ്ങൾക്കും നന്ദിയുണ്ട്.
ഇന്ത്യയുടെ എയര്‍ഫീല്‍ഡുകള്‍ സുരക്ഷിതമാണ്. വ്യോമ പ്രതിരോധ സംവിധാനം ശക്തമാണ്. പാക് ആക്രമണങ്ങളെ തകര്‍ത്തു. നമ്മൾ ഒരു തരത്തിലും അതിർത്തി ഭേദിച്ചല്ല പാകിസ്ഥാനിൽ ആക്രമണം നടത്തിയത്. പക്ഷേ 9,10 ദിവസങ്ങളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനികത്താവളങ്ങളെ ലക്ഷ്യമിട്ടു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഓരോന്നും ഉപയോഗിച്ച് പാകിസ്ഥാന്‍റെ പല തലത്തിലുള്ള ആക്രമണങ്ങള്‍ ചെറുത്തതിനെക്കുറിച്ചും സൈന്യം വിശദീകരിച്ചു.ശത്രു രാജ്യങ്ങളുടെ ആക്രമണം തിരിച്ചറിയാനും പേടിയില്ലാതെ തിരിച്ചടിക്കാനും നാവിക സേന സജ്ജമാണ്
ഭാവിയിലെ ഏത് പ്രകോപനത്തെയും ഇന്ത്യ നേരിടും.
വിരാട് കോലി വിരമിച്ച സാഹചര്യത്തിൽ ക്രിക്കറ്റിന്‍റെ ഒരു കഥ പറയാമെന്ന് പറഞ്ഞുകൊണ്ടാണ് ലഫ്റ്റ്നന്‍റ് ജനറൽ രാജീവ് ഖായ് ഇന്ത്യൻ സൈന്യത്തിന്‍റെ തിരിച്ചടിയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും വിശദീകരിച്ചത്. ആഷസ് സീരീസിൽ ഓസ്ട്രേലിയയുടെ ജെഫ് തോംസണും ഡെനിസ് ലിലിയും ചേർന്ന് ഇംഗ്ലണ്ട് ബാറ്റർമാരെ തച്ച് തകർത്തു. From Ashes to Ashes, and from dust to dust എന്നാണ് അന്ന് ഓസ്ട്രേലിയയിലെ പത്രങ്ങൾ എഴുതിയത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. എല്ലാ സംവിധാനവും ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാൻ ആക്രമണത്തെ തകര്‍ത്തു. അതോടൊപ്പം ശക്തമായ തിരിച്ചടിയും നൽകി.
എല്ലാ സംവിധാനങ്ങളെയും കടന്ന് ഇന്ത്യയുടെ സൈനികത്താവളങ്ങളിലെത്താൻ പാകിസ്ഥാന് കഴിയില്ല. ഏതെങ്കിലുമൊരു വ്യോമപ്രതിരോധസംവിധാനം അവരുടെ ഏത് ആക്രമണങ്ങളെയും ചെറുക്കും. നമ്മുടെ എല്ലാ വ്യോമപാതകളും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. പക്ഷേ പാകിസ്ഥാന് അവരുടെ വ്യോമപാത അടയ്ക്കണ്ടി വന്നു. വ്യോമത്താവളങ്ങൾ തകർക്കപ്പെട്ടു. നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അവരുടെ റഡാർ സംവിധാനങ്ങളെ അടക്കം തകർത്തു.
കൺട്രോൾ സെന്‍ററുകൾ മുതൽ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാൻ വരെ ഒരുപോലെ ഈ ഓപ്പറേഷനിൽ പങ്കാളിയായി.ഏത് വ്യോമാക്രമണ ശ്രമത്തെയും രാത്രിയും പകലുമില്ലാതെ ആക്രമിച്ച് തകർക്കാൻ മറ്റ് സേനകളുമായി സഹകരിച്ച് നാവികസേനയ്ക്ക് കഴിഞ്ഞു. നാശനഷ്ടങ്ങൾ മറയ്ക്കാനാണ് പാക് തെറ്റായ പ്രചരണം നടത്തുന്നത്. ഇതിനു സൈന്യം മറുപടി പറയേണ്ടതില്ല.
മാക്രാന്ദ് തീരത്ത് ഒളിച്ചിരിക്കേണ്ട സാഹചര്യം പാകിസ്ഥാന് വേണ്ടി വന്നത് നാവികസേന കടലിൽ സർവസജ്ജരായിരുന്നത് കൊണ്ടാണ്. നമ്മുടെ എല്ലാ വ്യോമപ്രതിരോധ, സൈനിക സംവിധാനങ്ങളും പൂർണമായ തോതിൽ പ്രവർത്തനം തുടരുന്നുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി മൂന്ന് സേനകളും തുടരുന്നുണ്ട്. തുർക്കിഷ് ഡ്രോണുകളോ മറ്റേതെങ്കിലും രാജ്യത്തെ ഡ്രോണുകളോ ഉപയോഗിച്ച് രാജ്യത്തെ വ്യോമാതിർത്തിയിൽ ആക്രമിക്കാൻ കഴിയില്ല. ഏത് ടെക്നോളജിയെയും പ്രതിരോധിക്കാനുള്ള ശേഷി വ്യോമപ്രതിരോധ മേഖലയ്ക്കുണ്ട്.
പാകിസ്ഥാൻ തെളിവ് പുറത്ത് വിടാത്തതെന്ത് എന്തുകൊണ്ട്?
കൊല്ലപ്പെട്ട ഭീകരരിൽ ചിലർ ജീവനോടെയുണ്ടെന്ന് പാക് പ്രചാരണം നടത്തുന്നുവെന്ന ചോദ്യത്തിന് സൈനിക ഉദ്യോഗസ്ഥര്‍ മറുപടി നൽകി. അവർ അവരുടെ ജനതയെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നതാകാമെന്നും നമ്മുടെ പോരാട്ടം പാക് സൈന്യത്തോടോ ജനങ്ങളോടോ അല്ല, നമ്മെ ആക്രമിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളോടാണെന്നും മറ്റ് പ്രചാരണങ്ങളിൽ ഇന്ത്യൻ സൈന്യമല്ല അവരാണ് മറുപടി പറയണ്ടതെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയോ?
പാക് ആണവായുധ സ്റ്റോറേജ് കേന്ദ്രം എവിടെയെന്ന് ഇന്ത്യൻ സൈന്യമല്ല പറയേണ്ടതെന്നും അറിയില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



