യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്‍റ് സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. 

കീവ്: യുക്രൈനില്‍ (Ukraine) നിന്ന് രക്ഷപ്പെടാനുള്ള സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്‍റ് വ്ലാദിമിർ സെലന്‍സ്കി (Volodymyr Zelensky). രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിച്ചെന്നാണ് വിവരം. അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്‍റ് സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു. 

യുദ്ധം തുടങ്ങി മൂന്നാം ദിനവും റഷ്യ രൂക്ഷമായ ആക്രമണമാണ് യുക്രൈനില്‍ നടത്തുന്നത്. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. അഞ്ച് സ്ഫോടനങ്ങളാണ് ഇന്ന് നടന്നത്. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡേസ തുറമുഖത്തെ മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്. മെട്രോ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ സ്റ്റേഷന്‍ തകര്‍ന്നു. യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. യുക്രൈന്‍ തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. 

  • സമാധാന ശ്രമം തുടരുമെന്ന് യുഎൻ, തോറ്റ് പിന്മാറില്ലെന്ന് അന്റോണിയോ ഗുട്ടറസ്

കീവ് : റഷ്യയുടെ യുക്രൈൻ അധിനിവേശം തടയുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയാണ് യുഎൻ നിലകൊള്ളുന്നത്. ഇന്ന് ആ ലക്ഷ്യം കൈവരിക്കാനായില്ല. എന്നാൽ പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വീറ്റ് ചെയ്തു. യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തതിന് പിന്നാലെയാണ് അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം. 

യുഎൻ സുരക്ഷാ കൗൺസിലില്‍ ‘യുക്രൈന്‍ പ്രമേയ’ത്തെ അമേരിക്കയടക്കം 11 രാജ്യങ്ങൾ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. ചേരിചേരാനയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു. റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർപ്പക്ഷത്ത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.