Asianet News MalayalamAsianet News Malayalam

അമേരിക്കയിൽ വോട്ടെടുപ്പ് ആരംഭിച്ചു; ഇന്ത്യൻ സമയം നാളെ പുലർച്ചെയോടെ ആദ്യഫലസൂചനകൾ

ആദ്യം പോളിംഗ് ബൂത്തിലെത്തിയത് വെർമോൺഡ് സംസ്ഥാനമാണ്. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിംഗ് തുടങ്ങി. അലാസ്കയിലും ഹവായിയിലും പോളിംഗ് തീരാൻ ഇന്ത്യൻ സമയം നാളെ രാവിലെ പത്തരയാകും. 

Voting begins for US presidential election
Author
New York, First Published Nov 3, 2020, 3:50 PM IST

ന്യൂയോർക്ക്:  പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്കൻ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയോടെയാണ്  വോട്ടെടുപ്പ് ആരംഭിച്ചത്. നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയാകും. വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകൾ വ്യക്തമാവും. 

പലതു കൊണ്ടും വ്യത്യസ്തമാണ് ഇത്തവണ അമേരിക്കൻ തെരഞ്ഞെടുപ്പ്. പ്രതിദിനം ഒരു ലക്ഷം പുതിയ കോവിഡ് രോഗികൾ ഉണ്ടാകുന്ന അമേരിക്ക ആ മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. അമ്പതു സംസ്ഥാനങ്ങളും ഫെഡറൽ ഡിസ്ട്രിക്റ്റായ കൊളംബിയയും ചേർന്ന് തെരഞ്ഞെടുക്കുന്നത് 538 ഇലക്റ്ററൽ വോട്ടർമാരെ. 

ഇതിൽ 270 പേരുടെ പിന്തുണ നേടുന്നയാൾ അടുത്ത അമേരിക്കൻ പ്രസിഡന്റാകും. ആകെയുള്ള 24 കോടി വോട്ടർമാരിൽ പത്തു കോടി പേർ തപാലിൽ വോട്ടു ചെയ്തു കഴിഞ്ഞു. ഇന്ന് കുറഞ്ഞത് ആറ് കോടിയാളുകൾ എങ്കിലും വോട്ടു ചെയ്യുമെന്നാണ് പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ അമേരിക്കയുടെ നൂറു വർഷത്തെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാകും അത്.

ആദ്യം പോളിംഗ് ബൂത്തിലെത്തിയത് വെർമോൺഡ് സംസ്ഥാനമാണ്. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞു മൂന്നരയ്ക്ക് അവിടെ പോളിംഗ് തുടങ്ങി. അലാസ്കയിലും ഹവായിയിലും പോളിംഗ് തീരാൻ ഇന്ത്യൻ സമയം നാളെ രാവിലെ പത്തരയാകും. ചില സംസ്ഥാനങ്ങൾ ഈ മാസം പതിമൂന്നു വരെ തപാൽ വോട്ടുകൾ സ്വീകരിക്കും. ഓരോ സംസ്ഥാനത്തും വോട്ടിങ് രീതികളിൽ പോലും വ്യത്യാസമുണ്ട്. ഔദ്യോഗിക ഫല പ്രഖ്യാപനം ജനുവരി ആറിനാണ്. 

ഇതൊക്കെയാണെങ്കിലും എല്ലാം പ്രതീക്ഷിച്ചതുപോലെ നീങ്ങിയാൽ ട്രംപോ ബൈഡനോ എന്ന സൂചനകൾ ഇന്ത്യൻ സമയം നാളെ പുലർച്ചയോടെ ലഭിച്ചു തുടങ്ങും. അതുവരെയുള്ള ഫല സൂചനകൾ വച്ചുകൊണ്ട് ആരാകും വിജയിയെന്ന കൃത്യമായ പ്രവചനം അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിടും. എന്നാൽ നേരിയ വ്യത്യാസത്തിലാണ് ജയ-പരാജയങ്ങൾ എങ്കിൽ ഫലം കോടതി കയറുന്നത് അടക്കമുള്ള അതിനാടകീയതകൾ പലരും പ്രതീക്ഷിക്കുന്നു. 

ഫ്ലോറിഡ, പെൻസിൽവാനിയ , ഒഹായോ, മിഷിഗൺ , അരിസോണ, വിസ്കോൺസിൽ എന്നിവയാണ് വോട്ടെടുപ്പിൽ അതീവ നിർണായകമായ സംസ്ഥാനങ്ങൾ. ഇവിടെയെല്ലാം  ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ വന്ന അഭിപ്രായ സർവേകളിലെ ബൈഡനാണ് മുന്നിലെന്ന പ്രവചനം റിപ്പബ്ലിക്കൻ പക്ഷം കാര്യമാക്കുന്നില്ല. 

കഴിഞ്ഞ തവണത്തേതു പോലെ ഇതുവരെയുള്ള എല്ലാ അഭിപ്രായ സർവേകളിലും ജോ ബൈഡൻ മുന്നിട്ടു നിൽക്കുമ്പോഴും അട്ടിമറിക്കുള്ള സാദ്ധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ.തെരഞ്ഞെടുപ്പ് രാത്രിയിൽ നാടകീയമായ പലതും സംഭവിച്ചേക്കാമെന്ന സൂചനകളെ തുടർന്ന് അമേരിക്കയിലെങ്ങും സുരക്ഷാ ശക്തമാക്കുകയും. സുരക്ഷാ സേനകൾ അടിയന്തരസാഹചര്യം നേരിടാൻ ഒരുങ്ങുകയും ചെയ്തു കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios