സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 95 മത്തെ ആർട്ടിക്കിളിന്റെ ലംഘനമുണ്ടായതായി ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ അറിയിച്ചു.
ഇസ്ലാമാബാദ്: പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീം കോടതി. സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 95 മത്തെ ആർട്ടിക്കിളിന്റെ ലംഘനമുണ്ടായതായി ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ അറിയിച്ചു. പാർലമെന്ർറ് പിരിച്ചുവിട്ടതിന് എതിരായ ഹർജികളിൽ വാദം തുടരുകയാണ്.
പ്രതിസന്ധിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരാകരിച്ചിരുന്നു. സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കോടതി ഇതും അംഗീകരിച്ചില്ല. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. അവിശ്വാസം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടന വളച്ചൊടിച്ചു, അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല എന്നീ കാര്യങ്ങളാണ് പ്രതിപക്ഷം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വിശദമായ വാദം കേട്ട ശേഷമാണ് ഭരണഘടനാ പരമായി വിധി പറയുക.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാൽ അത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങൾക്കും എതിരെ പ്രക്ഷോഭം തുടങ്ങാൻ ഇമ്രാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
അവിശ്വാസ പ്രമേയം, ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിച്ചു
പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിച്ചത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാന്‍ ആവില്ലെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ക്വസിം സൂരി അറിയിച്ചത്. അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ വലിയ പ്രതിഷേധമുയർന്നു. ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ഷം കോടതിയിലേക്ക് നീങ്ങി. പിന്നാലെ ഉചിതമായ തീരുമാനം എടുത്തതിന് ഡെപ്യുട്ടി സ്പീക്കർക്ക് ഇമ്രാന്‍ ഖാന്‍ നന്ദിയറിയിച്ചു.
