Asianet News MalayalamAsianet News Malayalam

വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു, സൈനിക, സർക്കാർ ആദരവുമില്ലാതെ സംസ്കാര ചടങ്ങുകള്‍

സംസ്കാരം നടക്കുന്ന സ്ഥലത്തെകുറിച്ചോ, സമയത്തെ കുറിച്ചോ യാതൊരു മുന്നറിയിപ്പും റഷ്യ നൽകിയിരുന്നില്ല

Wagner chief Yevgeny Prigozhin laid to rest in secret ceremony in Moscow etj
Author
First Published Aug 30, 2023, 10:15 AM IST

മോസ്കോ: കൊല്ലപ്പെട്ട വാഗ്നർ സേനാ തലവൻ പ്രിഗോഷിന്റെ മൃതദേഹം സംസ്കരിച്ചു. മോസ്കോ സെന്റ് പീറ്റേഴ്സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തരിയിലായിരുന്നു സംസ്കാരം. ചടങ്ങിൽ സർക്കാർ പ്രതിനിധികളോ സൈനിക നേതൃത്വമോ പങ്കെടുത്തില്ല. സൈനിക, സർക്കാർ ആദരവുമില്ലാതെയായിരുന്നു സംസ്കാരം നടന്നത്. സംസ്കാരം നടക്കുന്ന സ്ഥലത്തെകുറിച്ചോ, സമയത്തെ കുറിച്ചോ യാതൊരു മുന്നറിയിപ്പും റഷ്യ നൽകിയിരുന്നില്ല. പ്രഗോവ്സ്കോ സെമിത്തേരിയിൽ പിതാവിന്‍റെ കുഴിമാടത്തോട് ചേർന്നാണ് പ്രഗോഷിനും അന്ത്യവിശ്രമം ഒരുക്കിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സ്വന്തം കാര്യസാധ്യത്തിനായി വളര്‍ത്തിയെടുത്ത വാഗ്‌നര്‍ കൂലിപ്പടയുടെ തലവനായിരുന്നു പ്രിഗോഷിന്‍. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് പ്രിഗോഷിന്റെ ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തി. 1979ല്‍ പതിനെട്ടാം വയസില്‍ ജയിലിലായി. ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും വീണ്ടും കവര്‍ച്ചയ്ക്ക് പിടിച്ചു. ഒന്‍പതു വര്‍ഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിന്‍ പുതിയ ആളായാണ് പുറത്തിറങ്ങിയത്. ബര്‍ഗര്‍ വില്‍ക്കുന്ന കട തുടങ്ങി. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. ഇക്കാലത്താണ് വ്‌ലാദിമിര്‍ പുടിനുമായി അടുക്കുന്നത്.

പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു പ്രിഗോഷിന്‍റെ വളര്‍ച്ച. 2000ല്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റ് ആയപ്പോഴേയ്ക്കും പ്രിഗോഷിന്‍ പുടിന്റെ വലംകൈ ആയി മാറിയിരുന്നു. പുടിനോടുള്ള വിധേയത്വത്തിന്റെ പേരില്‍ പ്രിഗോഷിനെ 'പുടിന്റെ പാചകക്കാരന്‍' എന്നും ആളുകള്‍ പരിഹസിച്ചിരുന്നു. അത് അഭിമാനമാണെന്നായിരുന്നു അന്ന് പ്രിഗോഷിന്‍ നല്‍കിയ മറുപടി. പുടിന്‍ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകള്‍ എല്ലാം പ്രിഗോഷിനു നല്‍കി. രാഷ്ട്രത്തലവന്മാര്‍ക്ക് മുതല്‍ സൈനിക സ്‌കൂളുകളില്‍ വരെ പ്രിഗോഷിന്റെ ഹോട്ടല്‍ ഭക്ഷണം വിതരണം ചെയ്തു. അധികാരം നിലനിര്‍ത്താനും കാര്യസാധ്യത്തിനുമായി പ്രിഗോഷിനെ പുടിന്‍ ഒപ്പം നിര്‍ത്തി. 2014ല്‍ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കാനെന്ന പേരില്‍ പുടിന്‍ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കി.

അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിനു തന്നെ ഏല്‍പ്പിച്ചു. ഈ കൂലിപ്പട ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടിക്കൂട്ടിയ ക്രൂരതകള്‍ എണ്ണിയാലൊടുങ്ങില്ല. 3 റഷ്യന്‍ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതടക്കം ആസൂത്രണം ചെയ്തത് പ്രിഗോഷിന്‍ ആയിരുന്നു. പ്രിഗോഷിനാണ് വാഗ്‌നര്‍ ഗ്രൂപ്പിന്റെ സംഘാടകന്‍ എന്നതു പോലും 2022 വരെ പുറംലോകം അറിയാത്ത രഹസ്യം ആയിരുന്നു. ഈ വര്‍ഷം ആദ്യമാണ് പുടിനും പ്രിഗോഷിനും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നത്. ഒടുവില്‍ ഇപ്പോള്‍ അത് നേര്‍ക്കുനേര്‍ യുദ്ധമായി.

കഴിഞ്ഞ ജൂണ്‍ 23നു വ്‌ലാദിമിര്‍ പുടിനെതിരെ പ്രിഗോഷിന്റെ കൂലിപ്പട്ടാളം തുടങ്ങിവെച്ച കലാപം ബെലാറൂസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. അതിനു ശേഷം പുട്ടിനും പ്രിഗോഷിനും നേരില്‍ കണ്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. ആ കൂടിക്കാഴ്ചയില്‍ പുടിന്‍ പ്രിഗോഷിനോട് ഇനി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ടിരുന്നു. വാഗ്‌നര്‍ കൂലിപ്പടയുടെ പ്രവര്‍ത്തനം ഇനി ഉണ്ടാകില്ലെന്ന് പുടിന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ ഓഫര്‍ പ്രിഗോഷിന്‍ നിരസിച്ചതായി വ്‌ലാദിമിര്‍ പുടിന്‍ തന്നെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. റഷ്യന്‍ സൈന്യത്തില്‍ ചേരുന്നത് തന്റെ പടയാളികള്‍ ഇഷ്ടപ്പെടില്ല എന്നായിരുന്നുവത്രെ പ്രിഗോഷിന്റെ മറുപടി. പുടിനോട് അങ്ങനെ മറുപടി പറഞ്ഞ പ്രിഗോഷിന് ഇനി അധികം ആയുസ് ഇല്ലെന്ന് അന്നുതന്നെ ചില ലോക മാധ്യമങ്ങള്‍ എഴുതിയിരുന്നു.

ഒന്നര വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിനിടെയായിരുന്നു തന്റെ 25,000ത്തോളം വരുന്ന കൂലിപ്പട്ടാളക്കാരുമായി പ്രിഗോഷിന്‍ മോസ്‌കോയ്ക്ക് നേരെ പട നയിച്ചത്. പ്രിഗോഷിന്റെ അപ്രതീക്ഷിത പട നീക്കം റഷ്യയെയും എന്തിന് ലോകത്തെ മൊത്തത്തില്‍ തന്നെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ പ്രിഗോഷിനെതിരെ ഒരു തരത്തിലുള്ള നടപടികളും ഉണ്ടാകില്ലെന്ന പുടിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് പ്രിഗോഷിന്‍, റഷ്യയുടെ മറ്റൊരു സഖ്യകക്ഷി രാഷ്ട്രമായ ബെലാറുസിലേക്ക് പിന്മാറിയത്. തുടര്‍ന്ന് റഷ്യയ്ക്ക് വേണ്ടി ആഫ്രിക്കയിലെ മരുഭൂമികളില്‍ പടനീക്കത്തിലാണെന്ന് പ്രിഗോഷിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദുരൂഹതകളുടെ പുകമറ ബാക്കിയാക്കി പ്രിഗോഷിന്‍ കൊല്ലപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios