ചൈനയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനം തടയാൻ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി. ഡോണാൾഡ് ട്രംപ് ചുമത്തിയ താരിഫുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുന്ന നിലയിലാണെന്നും അവർ പറഞ്ഞു.

വാഷിംഗ്ടണ്‍: ചൈനയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനം തടയണമെങ്കിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വീണ്ടും ശക്തിപ്പെടുത്തണമെന്ന് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലിയുടെ മുന്നറിയിപ്പ്. നിലവിൽ റഷ്യൻ എണ്ണ ഇടപാടുകളുടെ പേരിൽ ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ചുമത്തിയ ശിക്ഷാപരമായ താരിഫുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുന്ന നിലയിലാണെന്നും അവർ പറഞ്ഞു. ബുധനാഴ്ച പ്രസിദ്ധീകരിച്ച ന്യൂസ്‌വീക്ക് ലേഖനത്തിലാണ് ഹേലി ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയെപ്പോലെ ഇന്ത്യയെ ഒരു എതിരാളിയായി കണക്കാക്കരുതെന്നും താരിഫുകളുടെ കാര്യത്തിലും, ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തലിൽ യുഎസിനുള്ള പങ്കിന്‍റെ പേരിലും ഇരു രാജ്യങ്ങളും തമ്മിൽ വിള്ളലുണ്ടാകാൻ ട്രംപ് ഭരണകൂടം അനുവദിക്കരുതെന്നും ഹേലി പറഞ്ഞു.

യുഎസ്-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തണം

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യ - യുഎസ് ബന്ധത്തിൽ വലിയ സംഭവങ്ങളാണ് അരങ്ങേറിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം 25 ശതമാനം താരിഫ് ചുമത്തി. നേരത്തെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയിരുന്ന 25 ശതമാനം തീരുവയ്ക്ക് പുറമെയാണിത്. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 50 ശതമാനമായി ഉയർന്നു. ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ ചർച്ചകളിൽ യുഎസിന്‍റെ പങ്ക് അംഗീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതിനെ തുടർന്നുള്ള മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

'ചൈനയെ മറികടക്കുകയും സമാധാനത്തിലൂടെ ശക്തി നേടുകയും ചെയ്യുക എന്ന ട്രംപ് ഭരണകൂടത്തിന്‍റെ വിദേശ നയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യുഎസ് - ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നത് വളരെ നിർണായകമാണ്" ഹേലി എഴുതി.

ഇന്ത്യയെ വിലപ്പെട്ട പങ്കാളിയായി കണക്കാക്കണം

റിപ്പബ്ലിക്കനായ ഹേലി, 2024 ലെ പ്രസിഡന്‍റ് സ്ഥാനാർത്ഥിത്വത്തിൽ അദ്ദേഹത്തെ പിന്തുണച്ചപ്പോഴും ട്രംപിന്‍റെ വിമർശകയായി തുടരുന്നു. റഷ്യൻ എണ്ണ വാങ്ങിയതിന്‍റെ പേരിൽ ഉപരോധം നേരിടാത്ത ചൈനയെപ്പോലെ ഇന്ത്യയെ ഒരു എതിരാളിയായി കണക്കാക്കരുതെന്നും, ഇന്ത്യയെ ഒരു വിലയേറിയ സ്വതന്ത്ര, ജനാധിപത്യ പങ്കാളിയായി കണക്കാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ഏഷ്യയിൽ ചൈനീസ് ആധിപത്യത്തിനെതിരെ ഒരു താങ്ങായി നിൽക്കാൻ കഴിയുന്ന ഏക രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 25 വർഷത്തെ ബന്ധം നശിപ്പിക്കുന്നത് ഒരു വലിയ തന്ത്രപരമായ ദുരന്തമായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ചൈനയിൽ നിന്ന് നിർണായക ഉൽപ്പന്നങ്ങളുടെ വിതരണം മാറ്റുന്നതിന് ഇന്ത്യയെ സഹായിക്കേണ്ടത് വാഷിംഗ്ടണിന്‍റെ ഒരു ഹ്രസ്വകാല ലക്ഷ്യമാണെന്നും ഹേലി ചൂണ്ടിക്കാട്ടി. തുണിത്തരങ്ങൾ, വിലകുറഞ്ഞ ഫോണുകൾ, സോളാർ പാനലുകൾ എന്നിവ പോലെ യുഎസിൽ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ഉൽപ്പന്നങ്ങൾ ചൈനയുടെ അതേ നിലയിൽ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിവുണ്ട്.

പ്രതിരോധരംഗത്തെ ഇന്ത്യയുടെ പ്രധാന്യം

പ്രതിരോധ മേഖലയിൽ, ഇസ്രായേൽ ഉൾപ്പെടെയുള്ള വാഷിംഗ്ടണിന്‍റെ സഖ്യകക്ഷികളുമായി ഇന്ത്യയുടെ സൈനിക ബന്ധം വികസിപ്പിക്കുന്നത് ഇന്ത്യയെ യുഎസ് പ്രതിരോധ ഉപകരണങ്ങളുടെ ഒരു നിർണായക വിപണിയാക്കി മാറ്റും. ഇത് സ്വതന്ത്ര ലോകത്തിന്‍റെ സുരക്ഷയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും അവർ പറഞ്ഞു. മധ്യേഷ്യയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം ആ പ്രദേശത്തെ സ്ഥിരപ്പെടുത്താൻ സഹായിക്കുമെന്നും യുഎസ് സൈന്യത്തെയും സാമ്പത്തിക സഹായത്തെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട വ്യാപാര, ഊർജ്ജ കേന്ദ്രമായ ചൈനയുടെ നടുവിലുള്ള ഇന്ത്യയുടെ സ്ഥാനം, വലിയ സംഘർഷമുണ്ടാകുമ്പോൾ ബെയ്ജിംഗിന് വെല്ലുവിളിയുണ്ടാക്കുമെന്നും ഹേലി പറഞ്ഞു.

ലോകത്ത് അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ആഗോള ക്രമം പുനർനിർമ്മിക്കാനുള്ള ചൈനയുടെ ലക്ഷ്യത്തിന് ഏറ്റവും വലിയ തടസവും ഇന്ത്യയാണ്. ലളിതമായി പറഞ്ഞാൽ, ഇന്ത്യയുടെ ശക്തി വർദ്ധിക്കുന്നതിനനുസരിച്ച് ചൈനയുടെ അതിമോഹങ്ങൾ ചുരുങ്ങേണ്ടി വരും. എന്നാൽ, കമ്മ്യൂണിസ്റ്റ് ഭരണത്തിലുള്ള ചൈനയിൽ നിന്ന് വ്യത്യസ്തമായി, ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ച സ്വതന്ത്ര ലോകത്തിന് ഭീഷണിയല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് 2017 ജനുവരി മുതൽ 2018 ഡിസംബർ വരെ യുഎന്നിലെ 29-ാമത് യുഎസ് അംബാസഡറായിരുന്നു നിമ്രത നിക്കി രൺധാവ ഹേലി. ഒരു പ്രസിഡൻഷ്യൽ മന്ത്രിസഭയിൽ സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യൻ അമേരിക്കനാണ് അവർ.