പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഗൾഫിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു, മസ്കറ്റിൽ നിന്നുള്ള നിരക്ക് 1,30,000 രൂപ കടന്നു. യുദ്ധഭീതിക്കിടെ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ വർദ്ധനവ് ഇരുട്ടടിയായി
മസ്കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ അടക്കം കൊലപ്പെടുത്തിയ അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണത്തിനുള്ള ഇറാന്‍റെ തിരിച്ചടി ഗൾഫ് മേഖലയിലെ യു എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടതോടെയാണ് വിമാന നിരക്കും കുതിച്ചുയർന്നത്. ഒമാന് നേർക്കുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ 1,30,000 രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. യു എ ഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും നിലവിൽ ഈ സർവീസിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത് എന്നതിനാൽ വരും ദിവസങ്ങളിൽ നിരക്ക് ഇനിയും വർദ്ധിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഒന്നര ലക്ഷം ആകുമോയെന്നാണ് ആശങ്ക. പെട്ടെന്നുണ്ടായ ഈ നിരക്ക് വർദ്ധനവ് യുദ്ധഭീതിക്കിടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി മാറിയിട്ടുണ്ട്.
പ്രത്യേക വിമാന സർവീസ് ആരംഭിച്ചു
അതേസമയം പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കാൻ തീരുമാനമായി. യു എ ഇയിലെ വിമാന കമ്പനികളാണ് ഭാഗിക സർവ്വീസ് ആരംഭിക്കുന്നത്. ഇക്കാര്യം യു എ ഇ സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. നിലവിൽ ബുക്കിങ് ഉള്ളവർക്കാണ് ഇതോടെ വലിയ ആശ്വാസമായിരിക്കുന്നത്. ദുബായ് വിമാനത്താവളമടക്കം ഉടൻ തുറക്കുമെന്നാണ് വ്യക്തമാകുന്നത്. ഭാഗിക സർവീസ് മാത്രമായിരിക്കും ഉണ്ടാകുക. അൽ മക്തും വിമാനത്താവളവും തുറക്കാൻ തീരുമാനിച്ചതായാണ് വിവരം. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
അയത്തൊള്ള ഖമനേയിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായതോടെ ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം നിശ്ചലമായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ശക്തമായ വ്യോമാക്രമണം തുടരുന്നതാണ് പ്രതിസന്ധിയുടെ കാരണം. ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു എ ഇ തുടങ്ങിയ ജി സി സി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റിയിരുന്നു. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരുന്നു. ഇതിനിടെ പ്രത്യേക സർവീസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് ആശ്വാസമാണ്.



