ഡോൺ ടിവി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. മസൂദ് അക്തർ ഇക്കാര്യം പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു.

ദില്ലി: ഇന്ത്യക്ക് 16 ലക്ഷം സൈനികരുള്ളപ്പോൾ പാകിസ്ഥാന് വെറും ആറ് ലക്ഷം സൈനികർ മാത്രമാണുള്ളതെന്ന് പാക് മുൻ മുൻ എയർ മാർഷൽ മസൂദ് അക്തർ. ഡോൺ ടിവി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. മസൂദ് അക്തർ ഇക്കാര്യം പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. ഇന്ത്യയ്ക്ക് 16 ലക്ഷം സൈനികരുള്ളപ്പോൾ നമ്മുടേത് വെറും ആറ് ലക്ഷം മാത്രമാണ്. എത്ര യുദ്ധം നടത്തിയാലും നമ്മളെ രക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി​ഗതികൾ ആശങ്കാജനകമാണ്. അതിന് ഞങ്ങൾക്ക് ഉത്തരമില്ല. സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക സമ്മർദ്ദം ചെലുത്തുന്നതുവരെ സംഘർഷം ലഘൂകരിക്കാൻ കഴിയില്ല. നാല് തവണ, ഇന്ത്യ വൻതോതിലുള്ള ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു. സ്ഥിതി കൂടുതൽ വഷളാകുമെന്നല്ലാതെ നമ്മൾ എന്തുചെയ്യണമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുന്നത് വളരെ വിദൂരമായ സാധ്യതയായി കണക്കാക്കണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞു. ആണവായുധം ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആണവായുധം നിലവിലുണ്ട്. പക്ഷേ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാം. നമ്മൾ അതിനെ വളരെ വിദൂരമായ സാധ്യതയായി കണക്കാക്കണം, സമീപകാല സാഹചര്യത്തിൽ നമ്മൾ അതിനെക്കുറിച്ച് ചർച്ച ചെയ്യുക പോലും ചെയ്യരുതെന്നും ആസിഫ് പറഞ്ഞു.

ഇന്ത്യ കുറഞ്ഞത് നാല് പാകിസ്ഥാൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിന് ശേഷം ഷെഹ്ബാസ് ഷെരീഫ് നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചുചേർക്കുമെന്ന് പാകിസ്ഥാൻ സൈന്യം പറഞ്ഞതിന് ശേഷമാണ് പ്രതിരോധ മന്ത്രി ഇങ്ങനെ പറയുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. ദിവസങ്ങളായി കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്.