പാരിസ്: വിവാദങ്ങളും ആക്രമണങ്ങളും അടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപഹാസ്യമാസിക ഷാര്‍ലെ ഹെബ്ദോ. ''ഞങ്ങള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ല'' മാസികയുടെ ഡയറക്ടര്‍ ലോറെന്റ് സോറിസോ മുഖപ്രസംഗത്തില്‍ കുറിച്ചു. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. 

കാബു എന്നറിയപ്പെട്ടിരുന്ന കാര്‍ട്ടൂണിസ്റ്റ് ജീന്‍ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിനിടയാക്കിയത്. ഈ കൂട്ടക്കൊലയില്‍ കാബുവിനും ജീവന്‍ നഷ്ടമായി. ഇതാണ് അനുയോജ്യമായ സമയമെന്നും ഇപ്പോഴാണ് ആ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിക്കേണ്ടതെന്നും മാസികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. 

ആക്രമണം നടത്തിയ സെയ്ദ്, ഷെരീഫ് എന്നീ ഭീകരവാദികള്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ഇരുവരെയും സഹായിച്ചുവെന്ന ആരോപണം നേരിടുന്നവരുടെ വിചാരണ ഈ ബുധനാഴ്ച ആരംഭിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഷാര്‍ലെ എബ്ദോയുടെ ഓഫീസ് ആക്രമിച്ചവര്‍ തൊട്ടടുത്തുള്ള ജൂത സൂപ്പര്‍മാര്‍ക്കറ്റും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. 

ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കാമായിരുന്നു. അതിന് യാതൊരു വിധ നിയമതടസ്സവുമില്ല. എന്നാല്‍ യോജിച്ച സമയത്തിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ആക്രമണക്കേസിലെ വിചാരണ ആരംഭിക്കുകയാണ്. ഇതാണ് യഥാര്‍ത്ഥ സമയം. അതുകൊണ്ടാണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്'' - മാസിക വ്യക്തമാക്കി.