രോഗശാന്തിയുടെ മറവിൽ ഡെയ്‌ഡോണും ചെർവിറ്റ്‌സും ദുർബലരായ അംഗങ്ങളെയും ജീവനക്കാരെയും വേതനമില്ലാത്ത ജോലിക്കും നിർബന്ധിത ലൈംഗിക പ്രവൃത്തികൾക്കും വിധേയരാക്കിയെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം.

ന്യൂയോർക്ക്: ലൈംഗികാരോഗ്യ ബ്രാൻഡായ വൺടേസ്റ്റിന്റെ സ്ഥാപകയും സിഇഒയുമായ നിക്കോൾ ഡെയ്‌ഡോൺ തൊഴിൽ ചൂഷണക്കേസിൽ കുറ്റക്കാരിയെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തി. ഇവർക്ക് പുറമെ, മുൻ വിൽപ്പന മേധാവിയും ഡെയ്‌ഡോണിന്റെ അടുത്ത സഹായിയുമായ റേച്ചൽ ചെർവിറ്റ്‌സും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രോഗശാന്തിയുടെ മറവിൽ ഡെയ്‌ഡോണും ചെർവിറ്റ്‌സും ദുർബലരായ അംഗങ്ങളെയും ജീവനക്കാരെയും വേതനമില്ലാത്ത ജോലിക്കും നിർബന്ധിത ലൈംഗിക പ്രവൃത്തികൾക്കും വിധേയരാക്കിയെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. 

വ്യാജ വാ​ഗ്ദാനം നൽകി ദുർബലരായ ഇരകളെ ചൂഷണം ചെയ്യുന്ന കുറ്റവാളികളാണ് ഇരുവരുമെന്ന് ബ്രൂക്ലിൻ യുഎസ് അറ്റോർണി ജോസഫ് നോസെല്ല ജൂനിയർ വിശേഷിപ്പിച്ചു. 2004-ൽ സാൻ ഫ്രാൻസിസ്കോയിൽ ആരംഭിച്ച വൺടേസ്റ്റ്, ആഡംബര വിശ്രമ കേന്ദ്രങ്ങളും കോഴ്സുകളും വാഗ്ദാനം ചെയ്യുന്ന ലൈംഗിക വെൽനസ് ബ്രാൻഡാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഇത് യഥാർത്ഥത്തിൽ ആരാധനാ കേന്ദ്രം പോലെയാണ് നടത്തിയതെന്നും ആളുകൾ ശമ്പളമില്ലാതെ ജോലി ചെയ്യാനും ലൈംഗിക പ്രവൃത്തികളിൽ പങ്കെടുക്കാനും നിർബന്ധിതരായിരുന്നുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ആരാണ് നിക്കോൾ ഡെയ്‌ഡോൺ

കാലിഫോർണിയയിലെ ലോസ് ഗാറ്റോസിലാണ് നിക്കോൾ ഡെയ്‌ഡോൺ ജനിച്ചത്. 1994-ൽ സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജെൻഡർ കമ്മ്യൂണിക്കേഷൻസിലും സെമാന്റിക്സിലും ബിരുദം നേടി. വിദ്യാഭ്യാസത്തിന് ശേഷം അവർ ഒരു ആർട്ട് ഗാലറി തുറക്കുകയും വെയിട്രസായി ജോലി ചെയ്യുകയും ചെയ്തു. കുറച്ചുകാലം ഒരു സ്ട്രിപ്പറായും എസ്കോർട്ടായും ജോലി ചെയ്തു. പിന്നീട് യോഗയും സെൻ ധ്യാനവും പഠിച്ചു. "ഗൗർമെറ്റ് സെക്‌സിൽ" ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പേരുകേട്ട 'ദി വെൽക്കംഡ് കൺസെൻസസ്' എന്ന ഗ്രൂപ്പിൽ അവർ രണ്ട് വർഷം അം​ഗമായി. 2004-ൽ, നിക്കോൾ ഡെയ്‌ഡോൺ, റോബർട്ട് കാൻഡലുമായി ചേർന്ന് സാൻ ഫ്രാൻസിസ്കോയിൽ വൺടേസ്റ്റ് സ്ഥാപിച്ചു. ലൈംഗിക വെൽനസ് റിട്രീറ്റുകളും ക്ലാസുകളുമായിരുന്നു വൺടേസ്റ്റിന്റെ സേവനം. 2012-ൽ, അവർ തന്റെ ആദ്യ പുസ്തകമായ സ്ലോ സെക്സ് പ്രസിദ്ധീകരിച്ചു. ലൈംഗികതയെ സ്ലോ ഫുഡ് പ്രസ്ഥാനവുമായി താരതമ്യം ചെയ്തു. പിന്നീട് അവർ ലൈംഗികത, ബന്ധങ്ങൾ, നീതി എന്നിവയെക്കുറിച്ചുള്ള തന്റെ വിശ്വാസങ്ങൾ വ്യക്തമാക്കുന്ന ഒരു മൾട്ടി-വോളിയം പരമ്പരയായ ദി ഇറോസ് സൂത്രാസ് പ്രസിദ്ധീകരിച്ചു. 2002-ൽ തടവുകാരെ സഹായിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ അൺകണ്ടിഷണൽ ഫ്രീഡം സഹസ്ഥാപിച്ചു.

2015-ൽ, ഒരു മുൻ ജീവനക്കാരനുമായുള്ള തൊഴിൽ തർക്കം പരിഹരിക്കാൻ വൺടേസ്റ്റ് 325,000 ഡോളർ നൽകി. 2018-ൽ, ബ്ലൂംബെർഗ് ഇവർക്കെതിരെ നിരവധി വെളിപ്പെടുത്തലുകൾ നടത്തി. അതേ വർഷം തന്നെ, ലൈംഗിക കടത്ത്, വേശ്യാവൃത്തി, തൊഴിൽ ലംഘനങ്ങൾ എന്നിവയ്ക്കായി എഫ്ബിഐ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു. 2018 അവസാനത്തോടെ, വൺടേസ്റ്റ് എല്ലാ നേരിട്ടുള്ള ക്ലാസുകളും യുഎസ് ഓഫീസുകളും അടച്ചുപൂട്ടി. 2023 ജൂണിൽ, നിർബന്ധിത തൊഴിൽ ഗൂഢാലോചനക്ക് നിക്കോൾ ഡെയ്‌ഡോണിനെതിരെ കുറ്റം ചുമത്തി. 2022 ലെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായ ഓർഗാസം ഇൻക്: ദി സ്റ്റോറി ഓഫ് വൺടേസ്റ്റിൽ നിക്കോൾ ഡെയ്‌ഡോൺ പ്രത്യക്ഷപ്പെട്ടിരുന്നു.