പശ്ചിമേഷ്യയിലെ യുദ്ധം ദക്ഷിണേന്ത്യൻ തോട്ടം മേഖലയെ സാരമായി ബാധിച്ചിരിക്കുന്നു. തേയില, കാപ്പി, ഏലം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ചരക്കുനീക്കത്തിലെ തടസങ്ങളും വർധിച്ച ചെലവുകളും കാരണം പ്രതിസന്ധിയിലാണ്. ഇത് കർഷകരുടെയും വ്യാപാരികളുടെയും വിലയിടിവിനും ആശങ്കയ്ക്കും കാരണമാകുന്നു.

പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന ദക്ഷിണേന്ത്യന്‍ തോട്ടം മേഖലയെ പശ്ചിമേഷ്യയിലെ യുദ്ധം സാരമായി ബാധിച്ചു തുടങ്ങി. തേയില, കാപ്പി, ഏലം തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയെയാണ് ഇത് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ചരക്കുനീക്കം വൈകുന്നതും കുതിച്ചുയരുന്ന കപ്പല്‍ വാടകയും ഇന്‍ഷുറന്‍സ് തടസ്സങ്ങളും ആവശ്യക്കാര്‍ കുറഞ്ഞതും കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന തേയിലയെയും കാപ്പിയെയുമാണ് ഈ പ്രതിസന്ധി ആദ്യം ബാധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തേയില കയറ്റുമതി പ്രതിസന്ധിയില്‍

ഇന്ത്യയുടെ തേയില കയറ്റുമതിയുടെ 40 ശതമാനവും പശ്ചിമേഷ്യന്‍ വിപണികളിലേക്കാണ് നടക്കുന്നത്. 2025-ല്‍ ഇന്ത്യ 280 ദശലക്ഷം കിലോ തേയില കയറ്റുമതി ചെയ്തിരുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിന്റെ 40 ശതമാനവും പോയത് യുഎഇ, ഇറാഖ് എന്നിവിടങ്ങളിലേക്കാണ്. ഉപരോധങ്ങളും പണമിടപാടുകളിലെ തടസങ്ങളും കാരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇറാനിലേക്കുള്ള കയറ്റുമതി കുറഞ്ഞതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പ്രാധാന്യം വര്‍ധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടേക്കുള്ള വ്യാപാരം മന്ദഗതിയിലാവുകയോ പൂര്‍ണ്ണമായി നിലയ്ക്കുകയോ ചെയ്തു. ബാക്കി വരുന്ന 60 ശതമാനം മുന്‍ സോവിയറ്റ് രാജ്യങ്ങള്‍, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്.

കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവും കാലതാമസവുമുണ്ടെങ്കിലും ഇവിടങ്ങളിലേക്ക് ഓര്‍ഡറുകള്‍ തുടരുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലെയും മേഖലയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായ ജെബല്‍ അലിയിലെയും തടസങ്ങളാണ് സ്ഥിതി വഷളാക്കിയത്. യെമന്‍ വഴി റോഡ് മാര്‍ഗം ഒമാനിലേക്ക് ചെറിയ അളവില്‍ പാക്കറ്റ് തേയില അയക്കുന്നുണ്ടെങ്കിലും, മുന്‍പത്തെപ്പോലെ വലിയ തോതിലുള്ള കയറ്റുമതി നടക്കുന്നില്ല.

വിലയിടിഞ്ഞ് ഏലം, വലഞ്ഞ് കാപ്പി കര്‍ഷകര്‍

ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാന വിപണിയായ സുഗന്ധവ്യഞ്ജന മേഖലയെയും, പ്രത്യേകിച്ച് ഏലത്തെയും ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ദുബായ്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയവിടങ്ങളിലേക്കുള്ള കയറ്റുമതി കുത്തനെ കുറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളുമായി പോയ ചില കപ്പലുകള്‍ മുംബൈയിലേക്ക് തന്നെ മടങ്ങി വന്ന സാഹചര്യവുമുണ്ട്. ഇത് ഏലത്തിന്റെ വിലയില്‍ വലിയ ഇടിവാണ് ഉണ്ടാക്കിയത്. കിലോയ്ക്ക് 2,800 രൂപയുണ്ടായിരുന്ന ഏലത്തിന് ഇപ്പോള്‍ 2,400 രൂപയായി കുറഞ്ഞു. പ്രതിസന്ധി തുടങ്ങിയതിന് ശേഷം കിലോയ്ക്ക് 400-500 രൂപയുടെ ഇടിവാണ് ഉണ്ടായത്.

കേരളത്തില്‍ നിന്നുള്ള കാപ്പിയുള്‍പ്പെടെയുള്ള എല്ലാ കയറ്റുമതി ഉല്‍പ്പന്നങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. ചരക്ക് കൂലി കുതിച്ചുയരുകയും, കപ്പലുകള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുകയും സാധനങ്ങള്‍ എത്തിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നകയും ചെയ്യുന്നതാണ് കാപ്പിക്ക് തിരിച്ചടിയായത്. വിളവെടുപ്പിന് ശേഷം കൊമ്പുകോതാനും വളമിടാനും തോട്ടം പരിപാലിക്കാനും പണം കണ്ടെത്തേണ്ട നിര്‍ണായക സമയത്താണ് കാപ്പി കര്‍ഷകര്‍ക്ക് ഈ ഇരുട്ടടി നേരിടേണ്ടി വന്നിരിക്കുന്നത്.

ചരക്കുകൂലിയിൽ 30-40 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാരിടൈം ഇന്‍ഷുറന്‍സ് നല്‍കാന്‍ തയ്യാറാകുന്നില്ലയെന്നതും കനത്ത വെല്ലുവിളിയാകുന്നുണ്ട്. മംഗളൂരുവില്‍ നിന്ന് കൊളംബോയിലേക്ക് ചരക്കെത്തിക്കാനുള്ള ചെറിയ കപ്പലുകള്‍ക്കും ക്ഷാമമുണ്ട്.

സൂയസ് കനാലിന് പകരം ആഫ്രിക്കന്‍ വന്‍കര ചുറ്റിയുള്ള കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ദൈര്‍ഘ്യമേറിയ പാത കപ്പല്‍ കമ്പനികള്‍ തിരഞ്ഞെടുക്കുന്നത് യാത്രാസമയവും ചെലവും കൂട്ടുന്നു. വര്‍ധിച്ച ചരക്കുകൂലി വഹിക്കാന്‍ ഇറക്കുമതിക്കാര്‍ തയ്യാറല്ലാത്തതിനാല്‍ ഇത് കയറ്റുമതിക്കാരുടെ ലാഭം കുത്തനെ ഇടിയാന്‍ കാരണമാകുന്നു. യുദ്ധം ഇനിയും നീളുകയാണെങ്കില്‍ കര്‍ഷകരും കയറ്റുമതിക്കാരും വ്യവസായികളും സമീപകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയെയാകും നേരിടാന്‍ പോകുന്നത്.