Asianet News MalayalamAsianet News Malayalam

Modi Teleprompter failure : മോദി ടെലിപ്രോംപ്റ്റർ വിവാദത്തിലെ സത്യം എന്താണ്?

കണക്ടിവിറ്റി പ്രശ്നങ്ങളും, വേൾഡ് എക്കോണമിക് ഫോറത്തിന്റെ ഭാഗത്തുനിന്നുണ്ടായ സംഘാടന പിഴവുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

What is the truth behind the Modi teleprompter failure in Davos WEF
Author
Davos, First Published Jan 18, 2022, 2:37 PM IST

ദാവോസ്:  സാങ്കേതിക പിഴവോ(technical glitch) ടെലിപ്രോംപ്റ്റർ തകരാറോ?(teleprompter failure) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരും വിമർശിക്കുന്നവരും തമ്മിൽ, ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറം വേദിയിൽ നടന്ന പ്രധാനമന്ത്രിയുടെ വിർച്വൽ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴപ്പത്തിന് ശേഷം നടക്കുന്ന പ്രധാന തർക്കം ഇതാണ്.  പ്രസംഗം തുടങ്ങി അധികം വൈകാതെ മോദി നിമിഷനേരത്തേക്ക് നിർത്തി, ഒന്ന് ഇടതുവശത്തേക്ക് പാളി നോക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതിനു ശേഷം തന്റെ ഇയർ ഫോൺ വീണ്ടും എടുത്ത് കാതിൽ തിരുകി, മോദി WEF എക്സിക്യൂട്ടീവ് ചെയർമാൻ ക്ളോസ് ഷോബിനോട് തന്റെ പ്രസംഗം കേൾക്കാൻ സാധിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നു. അദ്ദേഹം കേൾക്കാം എന്ന് മറുപടി നൽകിയ ശേഷം മോദി വീണ്ടും പ്രസംഗം തുടരുന്നുണ്ട്. 

ഏതാണ്ട് രണ്ടു മിനിറ്റ് നേരത്തോളമാണ് മോദിയുടെ പ്രസംഗം ഇങ്ങനെ തടസ്സപ്പെട്ടത്. ഇങ്ങനെ പ്രസംഗം തടസ്സപ്പെടുന്നതിന്റെയും, മോദി അത്രയും നേരം സംസാരിക്കാതെ നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ, "ടെലിപ്രോംപ്റ്ററിൽ കാണുന്ന വാക്കുകൾ വായിക്കാനല്ലാതെ പ്രധാനമന്ത്രി മോദിക്ക് സ്വന്തമായി ഒരക്ഷരം പറയാൻ അറിയില്ല"എന്ന രാഹുൽ ഗാന്ധിയുടെ മുൻകാല വിമർശനം ആവർത്തിച്ചുകൊണ്ട്  മോദിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളുമായി രംഗത്തെത്തി.  ‘#TeleprompterPM’ എന്ന ഹാഷ് ടാഗ് നിമിഷനേരത്തിനുള്ളിൽ തന്നെ വൈറലായി. "ഇത്രക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാൻ സാധിച്ചില്ല" എന്നാണ് രാഹുൽ ഗാന്ധി നേരിട്ട് ഈ വിഷയത്തിൽ പ്രതികരിച്ച് ട്വീറ്റിട്ടത്. 

ഈ വിഷയത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഒരു ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല എങ്കിലും, കണക്ടിവിറ്റി പ്രശ്നങ്ങളും, വേൾഡ് എക്കോണമിക് ഫോറത്തിന്റെ ഭാഗത്തുനിന്നുണ്ടായ സംഘാടന പിഴവുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിജെപി വക്താവായ സുരേഷ് നകുവാ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ചെയ്ത ട്വീറ്റിൽ പറഞ്ഞത്, "ഇങ്ങനെ ഒരു സാങ്കേതിക പിഴവുണ്ടായി എന്നതിൽ അത്യാഹ്ലാദം പ്രകടിപ്പിക്കുന്നവർക്ക് അത് ഉണ്ടായത് വേൾഡ് എക്കോണമിക് ഫോറം സംഘാടകരിൽ നിന്നാണ് എന്ന് അറിയാഞ്ഞിട്ടാണോ? ഉണ്ടായത് വെറുമൊരു സാങ്കേതിക പിഴവാണ്. അതുകൊണ്ടാണ് ക്ളോസ് ഷോബ് വീണ്ടും ഒരിക്കൽ കൂടി ഒരു ആമുഖപ്രസംഗം നടത്തി മോദിക്ക് വീണ്ടും സംസാരിക്കാൻ അവസരം നൽകിയത്. " എന്നാണ്. 

തിങ്കളാഴ്ചത്തെ തന്റെ പ്രസംഗം മോദി ആരംഭിച്ചത് “ ഇന്ത്യ ഈ ലോകത്തിന് ഏറെ പ്രതീക്ഷകൾ പകരുന്നുണ്ട്. അത് ജനാധിപത്യത്തിലുള്ള നമ്മുടെ അടിയുറച്ചവിശ്വാസവും, നമ്മുടെ സാങ്കേതിക വിദ്യയും നമ്മുടെ സംയമനവും, മാനവ വിഭവശേഷിയും...  " എന്ന് പറഞ്ഞുകൊണ്ടാണ്. ഇത്രയും എത്തിയപ്പോഴാണ് സാങ്കേതിക പ്രശ്നം ഉണ്ടായി പ്രസംഗം തടസ്സപ്പെടുന്നത്. തടസ്സം നേരിട്ടപ്പോൾ, ഷോബിനെ കൈവീശിക്കാട്ടി മോദി "കേൾക്കുന്നുണ്ടോ?" എന്ന് ചോദിക്കുന്നു. കാണികളും അവരുടെ പരിഭാഷകരും എല്ലാം ലൂപ്പ് ഇൻ ആവും മുമ്പ് മോദിയുടെ പ്രസംഗം ആരംഭിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത് എന്നാണ് പറയപ്പെടുന്നത്. 

ദാവോസിലേതുപോലുള്ള ബഹുരാഷ്ട്ര വേദികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിർച്വൽ പ്രസംഗങ്ങൾ ഉണ്ടാകുമ്പോൾ സാധാരണയായി പ്രധാനമന്ത്രിയിൽ നിന്നുള്ള വിർച്വൽ ഫീഡിന്റെ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുന്നത്,  ഡിപ്പാർട്ട്മെന്റ് ഓഫ് എക്കോണമിക് അഫയേഴ്‌സ്, മിനിസ്ട്രി ഓഫ് ഫിനാൻസിന്റെ സഹായത്തോടെ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ്.  ഈ വിഷയത്തിൽ മോദി പക്ഷത്തുനിന്നുള്ള വിശദീകരണങ്ങളുമായി പൊളിറ്റിക്കൽ കീഡ എന്ന ട്വിറ്റര് ഹാൻഡിലും രംഗത്തു വരികയുണ്ടായി.

Follow Us:
Download App:
  • android
  • ios