ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ ആണ് അച്ഛനോട് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്.
വാഷിങ്ടണ്‍: ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം യുഎസിലെത്തിയപ്പോൾ നടന്ന സംവാദ പരിപാടിയിൽ ശശി തരൂരിനോട് ചോദ്യം ചോദിച്ചയാളെ കണ്ട് വേദിയിൽ ചിരി പടർന്നു. വേറാരുമല്ല, ശശി തരൂരിന്റെ മകൻ ഇഷാൻ തരൂർ ആണ് അച്ഛനോട് ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്കിനെക്കുറിച്ചും, ഏതെങ്കിലും രാജ്യങ്ങൾ പഹൽഗാം ആക്രമണത്തിൽ പാക് പാക് പങ്കിനെക്കുറിച്ചുള്ള തെളിവുകൾ ചോദിച്ചിരുന്നുവോയെന്നും ഇഷാൻ തരൂർ ചോദിച്ചു. തെളിവുകൾ ഒരു രാജ്യത്തു നിന്നും ചോദിച്ചില്ലെന്ന് തരൂർ പറഞ്ഞു. വ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കില്ലെന്നും തരൂരിന്റെ മറുപടി.
ആരാണ് ഇഷാൻ തരൂർ ?
വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായാണ് തരൂരിന്റെ മകൻ ഇഷാൻ തരൂർ എത്തിയത്. പത്രത്തിൽ ഗ്ലോബൽ അഫയേഴ്സ് കോളമിസ്റ്റായാണ് ഇഷാൻ നിലവിൽ പ്രവർത്തിക്കുന്നത്. അച്ഛനെപ്പോലെ ലോകവേദിയിൽ ഇതിനകം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാളാണ് ഇഷാൻ തരൂരും.
ശശി തരൂർ ഡിപ്ലോമാറ്റായി ജോലി ചെയ്തിരുന്ന കാലം, 1984-ൽ സിംഗപ്പൂരിലാണ് ഇഷാൻ ജനിച്ചത്. കനിഷ്ക് തരൂർ ഇഷാൻ തരൂരിന്റെ ഇരട്ട സഹോദരനാണ്. 2006 ൽ ടൈം മാസികയിൽ ഒരു റിപ്പോർട്ടറായിട്ടാണ് ഇഷാൻ തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് ന്യൂയോർക്ക് സിറ്റി ഏരിയയുടെ സീനിയർ എഡിറ്ററായി. 2014 ൽ ടൈം മാഗസിനിൽ നിന്ന് വാഷിംഗ്ടൺ പോസ്റ്റിലേക്ക് മാറുകയായിരുന്നു.
2006-ൽ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇഷാൻ തരൂർ തന്റെ ബിരുദ പഠനം പൂർത്തിയാക്കിയത്. ചരിത്രം, വംശീയത, കുടിയേറ്റം തുടങ്ങിയവയിലായിരുന്നു സ്പെഷ്യലൈസേഷൻ. പിന്നീട് സുഡ്ലർ ഫെലോഷിപ്പ് ലഭിച്ചതായി ഇഷാൻ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. ഒരു അദ്ധ്യാപകൻ കൂടിയാണ് ഇഷാൻ. 2018 മുതൽ രണ്ടുവർഷക്കാലം ജോർജ്ജ്ടൗൺ സർവകലാശാലയിൽ അഡ്ജങ്ക്റ്റ് ഇൻസ്ട്രക്ടറായി ഇഷാൻ പ്രവർത്തിച്ചിട്ടുണ്ട്.സർവകലാശാലയുടെ സ്കൂൾ ഓഫ് ഫോറിൻ സർവീസിലാണ് ഇഷാന് പ്രവൃത്തി പരിചയമുള്ളത്.


