Asianet News MalayalamAsianet News Malayalam

ഗാസയിൽ പോളിയോ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം; 12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ എത്തിച്ചു

വാക്സിനേഷനായി മൂന്ന് ദിവസത്തേക്ക് ഭാഗിക വെടിനിർത്തലിന് ധാരണയായി. 

WHO polio vaccine campaign begins in Gaza
Author
First Published Sep 1, 2024, 2:52 PM IST | Last Updated Sep 1, 2024, 2:54 PM IST

ഗാസ: ഗാസയിൽ പോളിയോ വാക്സിനേഷൻ യജ്ഞത്തിന് തുടക്കം. ആറ് ലക്ഷത്തി നാൽപതിനായിരം കുട്ടികൾക്ക് വാക്സിൻ നൽകും. 12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ ഇതിനകം എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്സിനേഷനായി ദിവസവും 8 മണിക്കൂർ നേരത്തേക്ക് വെടിനിർത്താൻ ധാരണയായി. 

യുഎൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ സംഘടനകൾക്കുമൊപ്പം പ്രദേശത്തെ ആരോഗ്യ പ്രവർത്തകരും പോളിയോ വാക്സിനേഷൻ കാമ്പെയിനിൽ പങ്കെടുക്കുമെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക ആരോഗ്യ പരിപാലന ഡയറക്ടർ മൂസ അബേദ് അറിയിച്ചു. 25 വർഷത്തിന് ശേഷം ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ആശങ്കക്കിടയാക്കിയിരുന്നു. പല രാജ്യങ്ങളും നിർമാർജ്ജനം ചെയ്ത പോളിയോ വീണ്ടും ഉണ്ടായതിൽ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. അടിയന്തരമായി കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകണമെന്നും ഡബ്ല്യു എച്ച് ഒ ആവശ്യപ്പെട്ടു. 

തുടർന്ന് കുട്ടികൾക്ക് വാക്സിൻ നൽകാൻ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 3 വരെ ആക്രമണം നടത്തില്ലെന്ന് ഇസ്രയേൽ അറിയിച്ചു. മൂന്ന് ദിവസത്തേക്കാണ് താൽക്കാലിക വെടിനിർത്തൽ. ഏഴായിരത്തോളം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച് വാക്സിൻ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. അതേസമയം പൂർണ വെടിനിർത്തലുണ്ടാവില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു. 

അതിനിടെ ഇസ്രയേൽ ആക്രമണം ശക്തമായതോടെ വെസ്റ്റ് ബാങ്കിലെ ജെനിൻ മേഖലയിൽ നിന്ന് പലായനം ചെയ്യുകയാണ് പലസ്തീനികൾ. വീടുകൾക്ക് ചുറ്റും സദാ വെടിയൊച്ചയാണെന്നും മേഖല വിട്ടുപോവുകയല്ലാതെ മാർഗമില്ലെന്നും അവർ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 20 പലസ്തീനികളാണ്. 

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേൽ - ഹമാസ് യുദ്ധം 10 മാസം പിന്നിടുമ്പോൾ ഗാസയില്‍ 40,476 പേർക്ക് ജീവൻ നഷ്ടമായി. ഭൂരിഭാഗവും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇതുവരെ 93,647 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios